ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റായി; കമലാ ഹാരിസും ചുമതലയേറ്റു ; ജനാധിപത്യം നിലനിർത്തുമെന്ന് പ്രഖ്യാപനം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റായി തലമൂത്ത ജോസഫ് ആർ ബൈഡൻ എന്ന ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുഎസ്സിന്റെ 46–ാം പ്രസിഡന്റാണ് ജോ ബൈഡനെന്ന 78 കാരൻ . 49–ാമത്തെ വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ചുമതലയേറ്റു. ഇന്ത്യൻ സമയം രാത്രി 10 കഴിഞ്ഞ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി ബൈഡനും കമലയും നേരത്തേ കാപിറ്റോളിലെത്തിയിരുന്നു.

അമേരിക്ക ഒറ്റക്കെട്ടാണ്, ജനാധിപത്യം അമൂല്യമാണ്, അത് നിലനിർത്തുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചു. നേരത്തേ വിടവാങ്ങൽ പ്രസംഗത്തിൽ അമേരിക്കൻ ജനാധിപത്യത്തിൻ്റെ ഭാവിയെക്കുറിച്ച് ട്രംപ് പ്രകടിപ്പിച്ച ആശങ്കയ്ക്കുള്ള മറുപടിയെന്നോണമായിരുന്നു ബൈഡൻ്റെ ഈ അഭിപ്രായപ്രകടനം.
അമേരിക്കയ്ക്ക് ഇനി ഏറെ മുന്നേറാനുണ്ടെന്ന് ബൈഡൻ സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പ്രഥമ അഭിസംബോധനയിൽ പറഞ്ഞു. വിജയിച്ചത് താനല്ല രാജ്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പ്രായത്തിൻ്റെ അവശതകൾ തൽക്കാലം മാറ്റിവച്ച് ഏറെ ആവേശം കൊള്ളിക്കാനും കൈയടി നേടാനും ബൈഡൻ ശ്രമിച്ചത് ഏറെ ശ്രദ്ധേയമായി. പരിചയസമ്പന്നനെങ്കിലും ഭരണത്തിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്നാമ്പുറ ഇടപെടലുകളായിരിക്കും ബൈഡനെ നയിക്കുകയെന്നാണ് സൂചന.

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായി നടക്കുകയാണ് പതിവ്. ഇത്തവണ വെറും 1000 പേർ മാത്രമാണ് പങ്കെടുത്തത്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണു തലസ്ഥാനം.

തെരഞ്ഞെടുപ്പിലെ വ്യാപക അട്ടിമറിയിൽ പ്രതിഷേധിച്ച് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരക്കൈമാറ്റത്തിന് മുമ്പേ പടിയിറങ്ങിയതും ഇത്തവണത്തെ പ്രത്യേകതയാണ്.

ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ; വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം.