വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച രണ്ടാമത്തെ വാക്സീൻ നൂറു ശതമാനം പ്രവർത്തനക്ഷമമാണെന്ന് റഷ്യ

മോസ്കോ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച രണ്ടാമത്തെ വാക്സീൻ നൂറു ശതമാനം പ്രവർത്തനക്ഷമമാണെന്ന് റഷ്യ. നവംബറിലാണ് സൈബീരിയയിലെ വെക്ടര്‍ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച എപിവാക്‌കൊറോണ (EpiVacCorona) വാക്സീന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് റഷ്യ തുടക്കം കുറിച്ചത്.

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനമെന്ന് വാർത്ത ഏജൻസിയായ ടാസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ 14 പേർക്കും രണ്ടാം ഘട്ടത്തിൽ 43 പേർക്കും കുത്തിവയ്പ് നൽകി. ക്ലിനിക്കൽ പരീക്ഷണത്തിൽ ഏർപ്പെട്ടവരുടെ ആരോഗ്യസ്ഥിതി മികച്ചതാണെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കുന്നു.

ഫെബ്രുവരിയിൽ വാക്സീൻ വലിയതോതിൽ ഉത്പാദിപ്പിച്ചു തുടങ്ങുമെന്ന് റഷ്യൻ ഡപ്യൂട്ടി പ്രധാനമന്ത്രി ടാറ്റിയാന ഗോലികോവ പറഞ്ഞു. 2020 ജൂലൈ 24 നാണ് വെക്ടർ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോടെക്നോളജി സന്നദ്ധപ്രവർത്തകർക്ക് കൊറോണ വൈറസ് വിരുദ്ധ വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.

ആദ്യത്തെ സന്നദ്ധപ്രവർത്തകന് ജൂലൈ 27ന് കുത്തിവയ്പ് നൽകി. വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ സെപ്റ്റംബർ 30ന് പൂർത്തിയായി.