ന്യൂഡെൽഹി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് അസോസിയേഷനിൽനിന്ന് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയെ പുറത്താക്കണമെന്ന് നാഷനൽ ബ്രോഡ്കാസ്റ്റിങ് അസോസിയേഷൻ (എൻബിഎ) ആവശ്യപ്പെട്ടു. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) മുൻ സി.ഇ.ഒ പാർഥ ദാസ് ഗുപ്തയും റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുമായി നടത്തിയ വാട്സ്ആപ് ചാറ്റ്, റേറ്റിങ്ങിലെ കൃത്രിമം വെളിപ്പെടുത്തുന്നെന്ന് മാത്രമല്ല, അധികാരത്തിൻ്റെ പിന്നാമ്പുറ കളികളാണ് പുറത്തായിരിക്കുന്നത്.
സെക്രട്ടറിമാരുടെ നിയമനം, മന്ത്രിസഭ പുനഃസംഘടന, പ്രധാനമന്ത്രി ഓഫിസിലെ ഇടപെടൽ, വാർത്തവിതരണ മന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങൾ എന്നിവ വരെ പുറത്തായ സന്ദേശങ്ങളിലുണ്ട്. ബാർകുമായി ചേർന്ന് റേറ്റിങ്ങിൽ നടക്കുന്ന കൃത്രിമത്തെ കുറിച്ച് നാലുവർഷമായി എൻബിഎ പറയുന്ന കാര്യങ്ങൾ സത്യമായിരിക്കുകയാണെന്ന് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഈ സാഹചര്യത്തിൽ വാർത്തചാനലുകളുടെ ടിആർപി റേറ്റിങ് നിർത്തിവെച്ചതായി എൻബിഎ അറിയിച്ചു. ടെലിവിഷൻ റേറ്റിങ്ങിലെ സത്യാവസ്ഥ സംബന്ധിച്ച് ബാർക് വ്യക്തമായ പ്രസ്താവനയിറക്കണമെന്നും എൻ.ബി.എ ആവശ്യപ്പെട്ടു.