ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. മുല്ലപ്പള്ളി കൽപ്പറ്റയിൽനിന്ന് മത്സരിക്കാനാണ് സാധ്യതയെന്നാണ് സൂചന. മത്സരിക്കുന്ന കാര്യം സംബന്ധിച്ച് മുല്ലപ്പള്ളി ഹൈക്കമാൻഡുമായി ചർച്ച നടത്തി.
ജയസാധ്യതയുള്ള മുതിർന്ന നേതാക്കൾ മത്സരിക്കണമെന്ന അഭിപ്രായമാണ് ഹൈക്കമാൻഡിനുള്ളത്. അതുകൊണ്ടുതന്നെ മുല്ലപ്പള്ളി മത്സരിക്കുന്നതിൽ ഹൈക്കമാൻഡിന് എതിർപ്പില്ലെന്നാണ് വിവരം. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക.
എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും കേരളത്തിലെ നേതാക്കളും മുല്ലപ്പള്ളി മത്സരിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിനോട് വിയോജിപ്പില്ലെന്ന് വ്യക്തമാക്കിയട്ടുണ്ട്.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഡെൽഹിയിലെ ചർച്ചകൾ ഇന്നലെ പൂർത്തിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു.
അടുത്ത കാലത്തെ കെപിസിസി പ്രസിഡന്‍റുമാരിൽ ഏറെ വിമർശനങ്ങളും പഴികളും കേട്ടയാളാണ് കെപിസിസി പ്രസിഡന്‍റാണ് മുല്ലപ്പള്ളി. വിവാദപ്രസ്താവനകളും വാവിട്ട വാക്കുകളും മുല്ലപ്പള്ളിക്കും പാർട്ടിക്കുമുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. അതേസമയം, ഗ്രൂപ്പ് പോര് പാടില്ലെന്ന കർശനനിലപാട് അടക്കം ഹൈക്കമാൻഡിന് മുന്നിൽ വളരെ ഫലപ്രദമായി കൊണ്ടുവരാൻ മുല്ലപ്പള്ളിക്കായി. ഇരട്ടപ്പദവി വഹിക്കുന്ന ഡിസിസി അധ്യക്ഷൻമാരെ മാറ്റാൻ കഴിഞ്ഞു.
പരമാവധി പഴയ മുഖങ്ങളെ ഒഴിവാക്കി, പുതുമുഖങ്ങളെയും സ്ത്രീകളെയും കളത്തിലിറക്കാൻ നിർദേശം നൽകുന്നുണ്ട് രാഹുൽഗാന്ധി. അക്കാര്യങ്ങളടക്കം ചർച്ച ചെയ്യാനാണ് പത്തംഗഉന്നതാധികാരസമിതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിലേക്ക് ശശി തരൂരിന്‍റെ പേര് കൂടി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുമുണ്ട്.