തിരൂരങ്ങാടി: യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. തൃശൂര്‍ ജെറുസലേം സ്വദേശിയായ കൊച്ചന്‍ വീട്ടില്‍ വിനു (37) കുന്നംകുളത്ത് നിന്ന് മിനിലോറിയില്‍ റെക്സിന്‍ ഷീറ്റുമായി താമരശ്ശേരിയിലേക്ക് പോകും വഴി കക്കാട് വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
കക്കാട് സ്വദേശിയായ വട്ടപറമ്പന്‍ അബ്ദുര്‍ റഷീദിനൊട് ആശുപത്രിയിലേക്കുള്ള വഴി ചോദിക്കുകയും, ഒരു അറ്റാക്ക് കഴിഞ്ഞതാണെന്നും വാഹനം ഓടിക്കാന്‍ പ്രയാസമാണെന്നും ഡ്രൈവര്‍ പറഞ്ഞു. ഉടനെ അബ്ദുര്‍ റഷീദ് കക്കാട് ട്രോമാകെയര്‍ പ്രവര്‍ത്തകനായ ഫൈസല്‍ താണിക്കലിനെ വിവരം അറിച്ച് രണ്ടുപേരും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
അടിയന്തര ചികിത്സ നല്‍കി ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. സാമൂഹ മാധ്യമങ്ങള്‍ വഴി വിവരമറിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മാരായ പി ഐ മുഹമ്മദ് ലബീബ്, അഭിന്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വീട്ടിലെത്തി അബ്ദുര്‍ റഷീദിനെയും ഫൈസല്‍ താണിക്കലിനെയും ആദരിക്കുകയായിരുന്നു.