തൃശ്ശൂര്‍: ആനക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് പരാതി. പീപ്പിൾ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതിയുമായി വനംവകുപ്പിനെ സമീപിച്ചിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിൻ്റെ നാലാം ദിവസം നടന്ന എഴുന്നള്ളിപ്പിനിടെ ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ ആനകളെ കാണാനെത്തിയത്. ക്ഷേത്ര പരിസരത്ത് വച്ചു നടന്ന ചടങ്ങിനിടെ എത്തിയ ബി.ഗോപാലകൃഷ്ണൻ ആനയുടെ കൊമ്പുകളിൽ പൂമാല ചാര്‍ത്തി. തുടര്‍ന്നാണ് അദ്ദേഹം ആനക്കൊമ്പിൽ പിടിച്ചു നിന്നു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സംഭവത്തിൻ്റെ തത്സമയ ദൃശ്യങ്ങൾ ബി.ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
തൃശ്ശൂരിൽ ബാറിലെ അഭിഭാഷകനും പ്രമുഖ പാര്‍ട്ടിയുടെ നേതാവുമായ ബി.ഗോപാലകൃഷ്ണൻ്റ ഈ പ്രവൃത്തി കൂടുതൽ ആളുകെ ഇതേ രീതിയിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നതാണെന്നും നാട്ടാന പരിപാലന ചട്ടവും മറ്റു മൃഗസംരക്ഷണനിയമങ്ങൾ പ്രകാരവും ബി.ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തൃശ്ശൂര്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ക്കാണ് പീപ്പിൾ പോര്‍ ജസ്റ്റിസ് സംഘടന പരാതി നൽകിയിരിക്കുന്നത്.