മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ17 വാർഡും കോൺഗ്രസ്സ് പിടിച്ചടക്കി

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണസഖ്യമായ മഹാവികാസ് അഖാഡിക്ക് വന്‍ മുന്നേറ്റം. 7426 സീറ്റുകളിലെ ഫലം വന്നപ്പോള്‍ നാലായിരത്തിലേറെ സീറ്റുകളിള്‍ സഖ്യം വിജയിച്ചു. ബിജെപി 1601 സീറ്റിൽ ഒതുങ്ങി.

അതേസമയം ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ17 വാർഡും കോൺഗ്രസ്സ് പിടിച്ചടക്കി. മഹാവികാസ് അഖാഡി സഖ്യത്തില്‍ ശിവസേനയാണ് ഇതുവരെ ഏറ്റവും കൂടുതല്‍ സീറ്റു സ്വന്തമാക്കിയത്, 1735. തൊട്ടുപിന്നില്‍ കോണ്‍ഗ്രസാണ്, 1394 സീറ്റ്. എന്‍സിപി 1207 സീറ്റു നേടി. മറ്റു കക്ഷികള്‍ 1489 സീറ്റില്‍ വിജയിച്ചു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ആദ്യ പരീക്ഷണമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. 15 മാസം മുമ്പാണ് ബിജെപിയുമായി തെറ്റി എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് ശിവസേന സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിച്ചത്.

34 ജില്ലകളിലെ 14,234 ഗ്രാമപ്പഞ്ചായത്തുകളിലേക്കും ആറു ഡിവിഷനുകളിലേക്കും ജനുവരി 15നായിരുന്നു തെരഞ്ഞെടുപ്പ്. 214,880 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 26,718 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.