തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ.വി വിജയദാസ് അന്തരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡിസംബര്‍ 11നാണ് അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
കൊറോണ ബാധിച്ച എംഎല്‍എയ്ക്ക് പിന്നീട് നെഗറ്റീവ് ആയിരുന്നു. കൊറോണ കാരണം അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്‍റെ ആരോഗ്യനില തീരെ മോശമായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.
വേലായുധൻ – താത്ത ദമ്പതികളുടെ മകനായി 1959-ൽ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശം. 28-ാം വയസ്സിൽ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ് വിജയദാസിന്‍റെ പാർലമെന്‍ററി ജീവിതം ആരംഭിക്കുന്നത്. 1996-ൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
2011-ലാണ് കോങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്. 2016-ൽ യുഡിഎഫ് സ്ഥാനാർത്ഥി പന്തളം സുധാകരനെ 13000-ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം ആവർത്തിച്ചത്. പ്രേമകുമാരിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.