തേജസിന് പുറമെ റഷ്യയിൽ നിന്ന് 33 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ

ന്യൂഡെൽഹി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ നിന്ന് 83 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാൻ അനുമതി നൽകിയതിന് പിന്നാലെ റഷ്യയിൽ നിന്ന് കൂടുതൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ടുകൾ. 21 മിഗ് 29 സൂപ്പർസോണിക് യുദ്ധവിമാനങ്ങളും 12 സുഖോയ് -30 എം കെ ഐ വിമാനങ്ങളുമാണ് വാങ്ങുന്നത്.

നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള 59 മിഗ് 29 വിമാനങ്ങൾ ആധുനികവത്കരിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പ്രതിരോധ വസ്തുക്കൾ വാങ്ങുന്നതിന് അനുമതി നൽകുന്ന കൗൺസിലാണ് പുതിയ വിമാനങ്ങൾ വാങ്ങുവാൻ അനുമതി നൽകിയത്. റഷ്യയിൽ നിന്ന് വിമാനഘടകങ്ങൾ ഇന്ത്യയിൽ എത്തിച്ച്‌ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്‌എഎൽ) വച്ചാകും ആധുനികവത്കരിക്കുക.

റഷ്യ സാങ്കേതിക വിദ്യ കൈമാറുന്നതിനൊപ്പം ജീവനക്കാർക്ക് പരിശീലനവും നൽകും. 272 സുഖോയ് 30 വിവാമനങ്ങൾ വാങ്ങുന്നതിന് ഇന്ത്യ റഷ്യയുമായി കരാർ ഒപ്പിട്ടിരുന്നു. ഇതുവരെ 268 സുഖോയ് വിമാനങ്ങൾ ഇന്ത്യ വാങ്ങി. അതിൽ ഒൻപതെണ്ണം അപകടത്തിൽ തകരുകയും ചെയ്തു.