കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സിഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജുരമേശിനെതിരെ നടപടിയെടുക്കാനാവില്ലെന്ന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയത്.
ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖയടങ്ങിയ സിഡിയിൽ ബിജു രമേശ് കൃത്രിമം കാട്ടിയെന്നായിരുന്നു പരാതി. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് ബിജു രമേശ് ശബ്ദ രേഖ ഹാജരാക്കിയത്. പിന്നീട് ശബ്ദ രേഖ അടങ്ങിയ സി.ഡി വിജിലൻസ് പരിശോധിക്കുകയും ഇതിൽ കൃത്രിമം നടന്നു എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ബാർകോഴ കേസിൽ ഏറെ വിവാദമായതാണ് ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖ. വ്യാജ തെളിവുകൾ ഹാജരാക്കിയതിന് ബിജു രമേശിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.