ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ് ; ഡിസിസി അഴിച്ചുപണിയുണ്ടാകും

ന്യൂഡെൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ ഉമ്മൻചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന് ഘടകകക്ഷികൾ അടക്കം ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകാൻ സാധ്യത. ഹൈക്കമാൻഡ് നേതാക്കൾ രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തും. ഡിസിസി അഴിച്ചുപണിയിൽ ഹൈക്കമാൻഡ് നിലപാടിന് ഗ്രൂപ്പുകൾ വഴങ്ങി. പ്രവർത്തന മികവില്ലാത്തവരെ മാറ്റാമെന്നു ചർച്ചകളിൽ നേതാക്കൾ യോജിച്ചു.

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ അധികാരത്തിലെത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നത്. തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന ഹൈക്കമാൻഡ് നിലപാട് എടുത്തതോടെയാണ് ഡിസി സി പുനസംഘടനയിൽ വിട്ടുവീഴ്ചയ്ക്ക് നേതാക്കൾ തയ്യാറായത്.

എട്ടുഡിസിസി കളിൽ അഴിച്ചു പണി വേണമെന്നായിരുന്നു സംസ്ഥാന ചുമതലയുള്ള താരിഖ് അൻവറിന്റെ റിപ്പോർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർഗോഡ് എന്നി ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കും. കൊല്ലം ഡിസിസി അധ്യക്ഷ പദവിയിൽ വനിത പ്രധിനിധ്യം ആയതിനാൽ ബിന്ദു കൃഷ്ണക്ക് ഇളവ് ലഭിക്കുമെന്നാണ് സൂചന.

ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കുന്നതും യോഗത്തിൽ ചർച്ചയായി. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.