ബിജു പ്രഭാകറിൻ്റെ പരസ്യ പ്രതികരണത്തിന് വിലക്ക്; പരിഷ്കരണ നടപടികൾ തുടരാൻ മുഖ്യമന്ത്രിയുടെ അനുമതി

തിരുവനന്തപുരം: കെഎസ്ആർടിസി വിവാദത്തിൽ വിഷയത്തിൽ പരസ്യ പ്രസ്താവന പാടില്ലെന്ന് എംഡി ബിജു പ്രഭാകറിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം ബിജു പ്രഭാകറിനെ ഓഫീസിലേക്ക് വിളിപ്പിച്ചാണ് വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം, കെഎസ്ആർടിസിയിൽ പരിഷ്കരണ നടപടികൾ തുടരാൻ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബിജുപ്രഭാകറിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കെഎസ്ആർടിസിയിൽ കൊണ്ടുവരുന്ന പരിഷ്കരണ നടപടികൾക്ക് ഒരുവിഭാഗം തൊഴിലാളികൾ തുരങ്കം വെക്കുന്നുവെന്നും തട്ടിപ്പും വെട്ടിപ്പും നടത്തുന്നുവെന്നുമാണ് ബിജു പ്രഭാകർ ആരോപിച്ചത്.

ഇതിന് പിന്നാലെ തൊഴിലാളികളുമായി നടത്തിയ ഫെയ്സ്ബുക്ക് ലൈവിലും അദ്ദേഹം സമാനമായ ആരോപണങ്ങൾ ആവർത്തിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ബിജു പ്രഭാകറിനെ വിളിപ്പിച്ച് പരസ്യ പ്രസ്താവനകൾ വിലക്കിയിരിക്കുന്നത്.