തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’ 2021 ജനുവരി 31 ന് കാസർഗോഡ് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ‘സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയർത്തി 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് എം എം ഹസ്സൻ പറഞ്ഞു.
നേരത്തെ ഫെബ്രുവരി 1 നാണ് യാത്ര തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. ജനുവരി 31 വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സൻ, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി പി ജോൺ, ജി ദേവരാജൻ, ജോൺ ജോൺ, വി ഡി സതീശൻ (കോ-ഓർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നൽകും.
ജനുവരി 23 ന് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് ധർണ്ണ നടത്തും. സ്വർണ്ണക്കടത്തിനും, ഡോളർ കള്ളക്കടത്തിനും സഹായം നൽകിയ മുഖ്യമന്ത്രിയും, സ്പീക്കറും രാജിവയ്ക്കുക, രൂക്ഷമായ വിലക്കയറ്റത്തിന് പരിഹാരമുണ്ടാക്കുക, കേന്ദ്രഗവൺമെൻറ് പാസ്സാക്കിയ കർഷക കരി നിയമങ്ങൾ പിൻവലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവ് പിൻവലിക്കുക, സംസ്ഥാന സർക്കാരിൽ നടന്ന അനധികൃത, കരാർ, താത്കാലിക നിയമനങ്ങൾ റദ്ദാക്കുക, പിഎസ്സി റാങ്കു ലിസ്റ്റിൽനിന്ന് നിയമനങ്ങൾ നടത്തുക, വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരുടെ മേൽ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാളി ലേല ഓർഡിനൻസ് പിൻവലിക്കുക, കർഷകരുടെ 2 ലക്ഷം രൂപവരെയുള്ള കടങ്ങൾ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ യുഡിഎഫ് ധർണ്ണനടത്തുന്നതെന്ന് എംഎം ഹസ്സൻ അറിയിച്ചു.