കാബൂളില്‍ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചു കൊന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ജഡ്ജിമാർ കോടതിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു തോക്ക് ധാരികളുടെ ആക്രമണം. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുപ്രീം കോടതി വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു.

അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വർധിച്ചുവരുന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. 2017ൽ അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേർ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനിലെ സൈനികരുടെ എണ്ണം 2,500 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു.