തിരിമറിയല്ല ഇത് കേരളാ മോഡൽ ‘വികസനം’ ; പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് ; സിപിഎം നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പിന്റെ ക്ലീൻ ചിറ്റ്

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിച്ച് ആഭ്യന്തരവകുപ്പിൻ്റെ ക്ലീൻ ചിറ്റ്. വിവരാവകാശ പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് ഉദ്യോഗസ്ഥരോ പാര്‍ട്ടിനേതാക്കളോ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന മറുപടി. കലക്ട്രേറ്റിലെ ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദ് മാത്രമാണ് പ്രതിയെന്നും വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രളയ ദുരിതാശ്വാ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ച് വിവരാവകാശപ്രവര്‍ത്തകനായ ഗിരീഷ് ബാബു ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത് 2020 ഫെബ്രുവരിയിലാണ്. കഴിഞ്ഞ ഡിസംബറില്‍ ഗിരീഷ് ബാബുവിന് ലഭിച്ച മറുപടി ഇങ്ങനെ.

‘പ്രളയ ദുരിതാശ്വാ ഫണ്ടില്‍ തിരിമറി നടത്തിയത് കലക്ട്രേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണുപ്രസാദാണ്. കുറ്റകൃത്യത്തില്‍ കലക്ട്രേറ്റിലെ മറ്റ് ജീവനക്കാര്‍ക്കോ, അയ്യനാട് സഹകരണ ബാങ്കിലെ പ്രസിഡന്റിനോ മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ പങ്കില്ല. പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് മറുപടി.

വിഷ്ണുപ്രസാദിന് പുറമെ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗങ്ങളായിരുന്ന എം.എം.അന്‍വര്‍, എന്‍.എന്‍ നിധിന്‍, തുടങ്ങി ഏഴ് പേര്‍ കേസില്‍ അറസ്റ്റിലായി.‍ ഉദ്യോഗസ്ഥർ ചേര്‍ന്ന് കലക്ട്രേറ്റില്‍ നടത്തിയ ഗുരുതരമായ കൃത്യവിലോപവും ക്രമക്കേടുകളും കലക്ടറുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലും ജോയിന്റ് ലാന്റ് റവന്യൂ കമ്മിഷ്ണറുടെ പരിശോധനയിലും വ്യക്തമായി.

ഇതെല്ലാമിരിക്കെയാണ് ആഭ്യന്തരവകുപ്പ് കോടികള്‍ തട്ടിയെടുത്ത കേസില്‍ കേവലം വിഷ്ണുപ്രസാദിനെ മാത്രം പ്രതിചേര്‍ക്കുകയും മറ്റെല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരിക്കുന്നത്.