തിരുവനന്തപുരം: കിഫ്ബിക്കെതിരായ പരാമർശങ്ങളടങ്ങിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ പുതിയ റിപ്പോർട്ട് നാളെ നിയമസഭയിൽ സമർപ്പിച്ചേക്കും. നിയമസഭയിൽ വയ്ക്കും മുൻപ് ഇതിനെതിരെ പരസ്യവിമർശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയത് വിവാദമായിരുന്നു. റിപ്പോർട്ട് മന്ത്രി തന്നെ ചോർത്തിയെന്നാരോപിച്ച് അവകാശലംഘന പരാതിയുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതിനാൽ തന്നെ റിപ്പോർട്ടിന്റെ പേരിൽ സഭയിൽ പ്രതിപക്ഷം പ്രതിഷേധം കനപ്പിക്കാനാണ് സാധ്യത.
മന്ത്രിക്കെതിരായ അവകാശലംഘന പരാതിയിന്മേൽ എ. പ്രദീപ്കുമാർ അദ്ധ്യക്ഷനായുള്ള നിയമസഭയുടെ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടും ഇന്നോ നാളെയോ സഭയിൽ സമർപ്പിച്ചേക്കും. ഇതിൽ മന്ത്രിയുടെ ഭാഗത്ത് അവകാശലംഘനമുണ്ടായിട്ടില്ലെന്ന നിഗമനത്തിലേക്ക് സമിതി എത്തിച്ചേരുമെന്നാണ് സൂചനകൾ. ഇതും പ്രതിപക്ഷത്തിന് സർക്കാരിനെ കടന്നാക്രമിക്കാൻ വക നൽകുന്ന ആയുധമാകും.
ഈയാഴ്ച കൂടിയാണ് സഭാ സമ്മേളനം ചേരുന്നത്. നാളെ മുതൽ മൂന്ന് ദിവസം ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയാണ്. വ്യാഴാഴ്ച വോട്ട് ഓൺ അക്കൗണ്ട് പാസാക്കലിന് പുറമേ ഉപധനാഭ്യർത്ഥനകളും സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയവും സഭയിൽ വരും. അതുകൊണ്ടുതന്നെ വ്യാഴാഴ്ചത്തെ സമ്മേളനം സംഭവബഹുലമാകും.