ആര്‍എംപി ബന്ധം ഗുണം ചെയ്തു; വടകര സീറ്റ് നല്‍കുന്നത് ചര്‍ച്ചചെയ്തിട്ടില്ല: കെ. മുരളീധരന്‍

കോഴിക്കോട്: വടകര സീറ്റ് ആർഎംപിക്ക് നൽകുന്നത് ചർച്ച ചെയ്തിട്ടില്ലെന്ന് കെ. മുരളീധരൻ എംപി. യുഡിഎഫിന് പുറത്തുള്ളവർക്ക് സീറ്റ് നൽകുന്ന കാര്യം മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ആർഎംപി സഖ്യം യുഡിഎഫിന് ഗുണം ചെയ്തുവെന്നും മുരളീധരൻ പറഞ്ഞു.

ആർഎംപിയുമായുള്ള സഹകരണം വടകര മേഖലയിൽ യുഡിഎഫിന്റെ വിജയത്തിൽ കാര്യമായ സംഭാവന നൽകി. എൽജെഡി പോയിട്ട് പോലും നാല് പഞ്ചായത്തുകളിൽ മൂന്ന് എണ്ണത്തിലും യുഡിഎഫിന്റെ ഭരണസമിതി വന്നു. പക്ഷേ, നിയമസഭ തിരഞ്ഞെടുപ്പിന്റെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിക്കുള്ളിലെ ചർച്ചയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും കൂട്ടുത്തരവാദിത്വമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ ചർച്ചയും കൂട്ടായ പ്രവർത്തനവും വേണം. പുന:സംഘടനയെക്കുറിച്ച് അറിയില്ലെന്നും എക്സ് മാറി വൈ വന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കൊരു ഉത്തരവാദിത്വവും വേണ്ടെന്നും ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു. വടകരയിലെ ഏഴ് നിയമസഭാ മണ്ഡലത്തിൽ ഒഴികെ മറ്റെവിടെയും പ്രചരണത്തിന് പോകുന്നില്ലെന്നും ഉറച്ച തീരുമാനമാണെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.