കെഎസ് ആർടിസിയിലെ സാമ്പത്തിക തിരിമറിയിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: 100 കോടി രൂപയുടെ കെഎസ് ആർടിസിയിലെ സാമ്പത്തിക തിരിമറിയിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. 100 കോടി രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കെഎസ് ആർടിസി എംഡി തന്നെ വ്യക്തമാക്കിയതിനെ തുടർന്നാണ് നടപടി. എക്സിക്യൂട്ടീവ് ഡയറക്ടർ കെഎം ശ്രീകുമാറിന്റെ വിശദീകരണത്തിന് ശേഷമാകും ശുപാർശ നൽകുക.

കെഎസ് ആർടിസി ജീവനക്കാർക്കെതിരെ ഗുരുതരമായ ആരോപണമാണ് എംഡി ബിജു പ്രഭാകർ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. വരുമാനക്കണക്കിൽ 100 കോടി രൂപ കാണാതായതുമായി ബന്ധപ്പെട്ട് പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ കെഎം ശ്രീകുമാറിനെതിരെയാണ് ആരോപണം. ഇന്നലെ തന്നെ ശ്രീകുമാറിനെ എറണാകുളം സെൻട്രൽ സോൺ അഡ്മിനിസ്ട്രേഷൻ ഓഫീസറായി സ്ഥലം മാറ്റുകയും ചെയ്തു.

100 കോടിയുടെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. 15 ദിവസത്തിനകം കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് ശ്രീകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പെൻഷൻ ഉൾപ്പടെ തടഞ്ഞു വച്ച് ശ്രീകുമാറിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനും ആലോചനയുണ്ട്. മെയ് മാസം 31നാണ് എക്സിക്യൂട്ടീവ് ഡയറക്ടർ കെഎം ശ്രീകുമാർ സർവീസിൽ നിന്ന് വിരമിക്കുന്നത്. കെഎസ് ആർടിസിയിലെ അഞ്ചു ശതമാനം ജീവനക്കാരാണ് പ്രശ്നക്കാരെന്ന് കഴിഞ്ഞ ദിവസം എംഡി വ്യക്തമാക്കിയിരുന്നു. ഇവർക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്.