വിവാഹവാഗ്ദാനം നൽകി പീഡനവും സ്വർണ്ണക്കവർച്ചയും; വിവാഹത്തട്ടിപ്പു വീരൻ പിടിയിൽ

കണ്ണൂർ: വിവാഹവാഗ്ദാനം നൽകി വിവാഹത്തട്ടിപ്പും പീഡനവും പതിവാക്കിയ വീരൻ പഴയങ്ങാടിയിൽ പിടിയിൽ. എറണാകുളം പറവൂർ സ്വദേശി രാജീവൻ എന്ന ശ്രീജൻ മാത്യു(56)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി അവിവാഹിതരായ സ്ത്രീകളെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം പണവും സ്വർണങ്ങളുമായി മുങ്ങുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

വിവാഹ ബ്യൂറോയിൽ പേര് രജിസ്റ്റർ ചെയ്ത് അവിടെ നിന്ന് കിട്ടുന്ന സ്ത്രീകളുടെ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങനെ പരിചയപ്പെടുന്ന സ്ത്രീകളെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങളും പണവും കവരുകയും ചെയ്യുന്നതാണ് ഇയാളുടെ ശൈലി. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.