കൊച്ചി: എടയാർ വ്യവസായ മേഖലയിൽ ഇന്നലെ അര്‍ധ രാത്രിയുണ്ടായ വൻ തീപിടുത്തത്തിന് കാരണം ഇടിമിന്നൽ അല്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വലിയ കെട്ടിടങ്ങൾ ചുറ്റുമുണ്ടായതിനാൽ ചെറിയ കെട്ടടത്തിന് ഇടിമിന്നൽ ഏൽക്കില്ലെന്നാണ് അഗ്നിശമന ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഇന്നലെ അര്‍ധരാത്രിയാണ് എടയാറിലെ ഓറിയോണ്‍ എന്ന പെയിന്റ് ഉത്പന്ന കേന്ദ്രത്തിൽ തീ പിടിച്ചത്. സമീപ ജില്ലകളിൽ നിന്നടക്കം മുപ്പതോളം ഫയര്‍ഫോഴ്സ് യൂണിറ്റെത്തി മൂന്ന് മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ അണച്ചത്. കനത്ത മഴയ്ക്ക് ശേഷം ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നായിരുന്നു തൊഴിലാളികൾ പറഞ്ഞത്. എന്നാൽ സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ഫയര്‍ഫോഴ്സ് സംഘം ഈ വാദം തള്ളി.
ഓറിയോണ്‍ കമ്പനിയിൽ അനുവദനീയമായതിലും കൂടുതൽ സാധനങ്ങൾ സൂക്ഷിച്ചിരുന്നു. ഇതും തീ പടരുന്നതിന് കാരണമായി. 450 ഏക്കറിൽ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് എടയാർ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇവിടുത്തെ ഭൂരിഭാഗം കെട്ടിടങ്ങളിലും സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെന്ന ആരോപണവുമുണ്ട്.