ന്യൂഡെൽഹി: കർഷകരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതി പുനസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഭാരതീയ കിസാൻ യൂണിയൻ ലോക്ശക്തിയെന്ന സംഘടനയാണ് ഹർജി നൽകിയത്. സമരത്തിന് നേത്യത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയിൽ ഹർജി നൽകിയ ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി അംഗമല്ല.
കർഷകരുമായി ചർച്ച നടത്താൻ കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും സ്വതന്ത്ര നിലപാട് ഉള്ളവരല്ലെന്നും ഇവരെല്ലാം കാർഷിക നിയമ ഭേദഗതിയെ ശക്തമായി പിൻതുണയ്ക്കുന്നവരാണെന്നുമാണ് ഹർജിയിൽ പറയുന്നത്. കർഷകസംഘടനകൾ സമിതിയുമായി സഹരിക്കില്ലെന്ന തീരുമാനത്തിലാണെന്നും അതിനാൽ സമിതി പുനസംഘടിപ്പിച്ച് സ്വതന്ത്ര നിലപാടുള്ളവരെ ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യം.
നേരത്തെ നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഘടന സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെ കർഷകനേതാക്കൾക്ക് അടക്കം എൻഐഎ നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് യോഗം ചേരും. എൻഐഎയുടെ നോട്ടീസ്, റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ പരേഡ് അടക്കമുള്ള വിഷയങ്ങൾ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ ചർച്ച ചെയ്യും.
എൻഐഎ ഉപയോഗിച്ച് നേതാക്കളെ അടക്കം സമ്മർദ്ദത്തിലാക്കാനാണ് സർക്കാർ ശ്രമമെന്നാണ് കർഷക സംഘടനകളുടെ അഭിപ്രായം. ഇതുവഴി സമരം ഇല്ലാതെയാക്കാനാണ് ശ്രമം. ഇതിനെതിരായ പ്രചാരണവും ചർച്ചയാകും സമരത്തിന്റെ ഭാവി പദ്ധതികളും ചർച്ച ചെയ്യും.
ഇതിനിടെ ഖാലിസ്ഥാൻ സംഘടനയുമായി ബന്ധപ്പെട്ട് കേസിൽ എൻഐഎ നൽകിയ നോട്ടീസിൽ കർഷകനേതാക്കൾ അടക്കം ആരും ഇന്ന് ഹാജരായിട്ടില്ല.