ന്യൂഡെൽഹി: റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലി പിൻവലിച്ചിട്ടില്ലെന്ന് കർഷകർ. എന്നാൽ ട്രാക്ടർ റാലിയെ സർക്കാർ നിയമപരമായി നേരിടും. ഇതുമായി ബന്ധപ്പെട്ട ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. 1000 ട്രാക്ടറുകൾ പങ്കെടുക്കുന്ന റാലി സമാധാനപരമായിരിക്കും. റിപ്പബ്ലിക് പരേഡിനെ ഒരിക്കലും തടസപ്പെടുത്തില്ലെന്നും കർഷകർ അറിയിച്ചു.
അതേസമയം ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം കർഷക പ്രക്ഷോഭത്തെ തകർക്കാൻ ലക്ഷ്യംവച്ചുള്ളതാണെന്നും കർഷകർ ആരോപിച്ചു. ആയിരം ട്രാക്ടറുകൾ പങ്കെടുക്കുന്ന റാലിയാണ് റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. അൻപത് കിലോമീറ്റർ ദൈർഘ്യമുള്ള റാലി ഡെൽഹിയെ ചുറ്റിക്കിടക്കുന്ന ഔട്ടർ റിംഗ് റോഡിലാണ് നടത്തുന്നത്.
സമാധാനപരമായി നടത്തുന്ന റാലിയോട് ഡെൽഹി, ഹരിയാന പോലീസ് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കർഷക സംഘടനകൾ അറിയിച്ചു. എൻഐഎ നടപടിയെ അപലപിക്കുന്നതായി ഒരു കർഷക നേതാവ് പറഞ്ഞു. കോടതിയിൽ മാത്രമല്ല, നിയമപരമായി തങ്ങൾ അതിനെതിരെ പോരാടും. സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.