നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ മുതിർന്ന നേതാക്കളെ ഒഴിവാക്കും; യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും പരിഗണന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ മുതിർന്ന നേതാക്കളെ ഒഴിവാക്കും. പകരം സീനിയറായ നേതാക്കൾക്കും യുവജനങ്ങളടക്കമുള്ള പുതുമുഖങ്ങൾക്കും പ്രധാന്യം നൽകും. മന്ത്രിമാരെയും രണ്ടു തവണ വിജയിച്ചവരെയും ഒഴിവാക്കിയാകും ഇത്തവണയും സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നാണ് സൂചന.

മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, കെ രാജു, പി തിലോത്തമന്‍ എന്നിവരെ ഒഴിവാക്കിയേക്കും. എംഎല്‍എമാരായ സി ദിവാകരന്‍, ഇ എസ് ബിജിമോള്‍, മുല്ലക്കര രത്നാകരന്‍, ജി എസ് ജയലാല്‍, ഇ കെ വിജയന്‍, ഗീതാ ഗോപി, ചിറ്റയം ഗോപകുമാര്‍, വി ശശി എന്നിവരും ഒഴിവാക്കപ്പെട്ടേക്കും. മന്ത്രി സുനിൽകുമാർ അടക്കം സ്വയം പിൻവാങ്ങുമ്പോൾ സീനിയർ നേതാവ് സി ദിവാകരനടക്കം ചിലർ വീണ്ടും മൽസരിക്കാനുള്ള മോഹത്തിലാണ്.

അതേ സമയം എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് ഇതുവരെ മാനദണ്ഡങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. അടുത്ത മാസം ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.