മൂന്ന് നിയമങ്ങളും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും; നിലപാടിലുറച്ച് കാർഷിക നിയമങ്ങളെ ന്യായീകരിച്ച് അമിത് ഷാ

ബഗൽകോട്ട്: ഡെൽഹിയിലെ കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കാർഷിക നിയമങ്ങളെ വീണ്ടും പ്രതിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് കാർഷിക നിയമങ്ങളും രാജ്യത്തെ കർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കാൻ സഹായിക്കുമെന്ന് അമിത് ഷാ ആവർത്തിച്ചു. കർണാടകയിലെ ബഗൽകോട്ടിലെ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പുതിയ നിയമങ്ങൾ രാജ്യത്തെ കർഷകരുടെ വരുമാനം പലമടങ്ങ് വാർധിപ്പിക്കാൻ സഹായിക്കും. ഇപ്പോൾ കർഷകർക്ക് അവരുടെ കാർഷിക ഉത്പന്നങ്ങൾ ലോകത്തും രാജ്യത്തെവിടെയും വിൽക്കാൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരേ വിമർശനം ഉന്നയിക്കുന്ന കേൺഗ്രസിനെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. അധികാരത്തിലിരുന്ന കാലത്ത് നിങ്ങൾ എന്തുകൊണ്ട് 6000 രൂപ പ്രതിവർഷം കർഷകർക്ക് നൽകിയില്ല. പ്രധാൻമന്ത്രി ഫസൽ ഭീമാ യോജന, ഭേദഗതി വരുത്തിയ എഥനോൾ പോളിസി എന്നിവ എന്തുകൊണ്ട് അക്കാലത്ത് നടപ്പാക്കിയില്ലെന്നും അമിത് ഷാ ചോദിച്ചു. കർഷകരോടുള്ള കോൺഗ്രസിന്റെ സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിച്ച് പതിനായരിക്കണക്കിന് കർഷകർ രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി നിയമങ്ങൾ മരവിപ്പിച്ചിരുന്നു. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കർഷകരുടെ നിലപാട്. സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ കർഷകരുമായി ഒമ്പത് തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. പത്താംവട്ട ചർച്ച ചൊവ്വാഴ്ച നടക്കും.