ലണ്ടൻ: വാട്സാപ്പിന്റെ പുതിയ പോളിസി അപ്ഡേറ്റിനെ തുടർന്ന് ജനപ്രീതി വർധിച്ച മെസേജിങ് ആപ്ലിക്കേഷനാണ് സിഗ്നൽ. വാട്സാപ്പ് ഉപേക്ഷിക്കുന്നവർക്ക് പകരം ഉപയോഗിക്കാവുന്നതായി നിർദേശിക്കപ്പെടുന്നതും സിഗ്നലിനേയാണ്.
എന്നാൽ, സിഗ്നൽ ഒരിക്കലും വാട്സാപ്പിന് പകരമല്ലെന്ന് പറയുകയാണ് സിഗ്നൽ സ്ഥാപകനും വാട്സാപ്പിന്റെ സഹസ്ഥാപകനുമായ ബ്രിയാൻ ആക്ടൻ. വാട്സാപ്പിന്റെയും സിഗ്നലിന്റേയും ഉദ്ദേശ്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം ടെക്ക് ക്രഞ്ചിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വാട്സാപ്പ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ആളുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാട്സാപ്പിനൊപ്പം തന്നെ ആളുകൾ സിഗ്നൽ ഉപയോഗിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2017-ൽ വാട്സാപ്പിനെ വാണിജ്യവത്കരിക്കാനുള്ള ഫെയ്സ്ബുക്കിന്റെ ശ്രമങ്ങളെ തുടർന്ന് കമ്പനിയിൽനിന്നു രാജിവെച്ചിറങ്ങിയ ആളാണ് ബ്രിയാൻ ആക്ടൻ. 2018-ലാണ് സിഗ്നൽ ഫൗണ്ടേഷന് തുടക്കമിട്ടത്.