കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന് ഗുരുതര ആരോപണവുമായി മാനേജിങ് ഡയറക്ടര്‍ രംഗത്ത്; 47000 ജീവനക്കാരെ ഘട്ടങ്ങളായി കുറയ്ക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനിലെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ എക്‌സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരേയും നടപടിയുണ്ടാകും. ഇപ്പോള്‍ സി.എന്‍.ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍ വേണ്ടിയാണ്. ജീവനക്കാരെ മുഴുവനായും അങ്ങിനെ കാണുന്നില്ലെന്നും എന്നാല്‍ പത്ത് ശതമാനം പേരെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും വ്യക്താക്കി.

ഡീസലില്‍ മാത്രമല്ല വെട്ടിപ്പ് നടക്കുന്നത്. ടിക്കറ്റ് മെഷീനിലും തട്ടിപ്പ് നടക്കുന്നുണ്ട്. ജീവനക്കാരില്‍ 7090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ്സ് സര്‍വീസുകാരെ സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെഎസ്ആര്‍ടിസിയുടെ വര്‍ക് ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്.

വെട്ടിപ്പ് നടത്തുന്നവര്‍ക്കെതരേ ശക്തമായ നടപടിയെടുക്കും. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സമഗ്രമായ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത പ്രതിസന്ധി മറികടക്കാനാണ് ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു.

കെഎസ്ആര്‍ടിസി കടം കയറി നില്‍ക്കുകയാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ആളുകളെ കുറയ്‌ക്കേണ്ടിവരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.