ജെഡിഎസ്- എൽജെഡി ലയനം ഉടനെന്ന് കെ കൃഷ്ണൻകുട്ടി; വടകരയെച്ചൊല്ലി തർക്കമില്ലെന്ന് സികെ നാണു

കോഴിക്കോട്: ജനതാദൾ എസ് – ലോക്‌ താന്ത്രിക് ജനതാദൾ പാർട്ടികൾ തമ്മിലുള്ള ലയനം ഈ മാസം തന്നെ ഉണ്ടാകുമെന്ന് ജെഡിഎസ് നേതാവ് കെ കൃഷ്ണൻകുട്ടി. വടകര സീറ്റിനെ ചൊല്ലി തർക്കങ്ങളില്ലെന്ന് സികെ നാണുവും പ്രതികരിച്ചു. പാർട്ടികൾ തമ്മിൽ ലയിച്ചാൽ തർക്കങ്ങൾക്ക് പ്രസക്തിയില്ലല്ലോയെന്ന് കൃഷ്ണൻകുട്ടിയും പറഞ്ഞു.

എച്ച്ഡി കുമാരസ്വാമി ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് ദേവഗൗഡ ഉറപ്പ് നൽകിയെന്നും കൃഷ്ണൻ കുട്ടി പറഞ്ഞു. ലയനം യാഥാർത്ഥ്യമാകുമെന്നും ഇടഞ്ഞ് നിൽക്കുന്നവരെ തിരികെ കൊണ്ടുവരുമെന്നും സികെ നാണു പറഞ്ഞു.

മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും മതിയായ പരിഗണന നല്‍കാനായി എല്‍ജെഡിയും ജെഡിഎസും ഉടന്‍ ലയിക്കണമെന്നാണ് സിപിഎം നല്‍കിയ നിര്‍ദ്ദേശം. കഴിഞ്ഞ രണ്ടു വട്ടം യുഡിഎഫിനൊപ്പമായിരുന്ന എല്‍ജെഡി ഏഴിടത്തായിരുന്നു മത്സരിച്ചത്. എല്‍ഡിഎഫിനൊപ്പമായിരുന്ന ജെഡിഎസ് അഞ്ചിടത്തും.

ഇരുകൂട്ടരും വെവ്വേറെ നിന്നാല്‍ മത്സരിച്ച അത്രയും സീറ്റുകള്‍ നല്‍കാന്‍ കഴിയാത്തതിനാലാണ് ലയനം വേണമെന്ന് സിപിഎം നിര്‍ദ്ദേശം നൽകിയത്. ഇതെത്തുടര്‍ന്ന് എല്‍ജെഡി-ജെഡിഎസ് നേതാക്കള്‍ രണ്ട് വട്ടം ചര്‍ച്ച നടത്തി, പ്രാഥമിക ധാരണയിലുമെത്തി.

ലോക് താന്ത്രിക് ജനതാദളിന്‍റെ ദേശീയ നേതൃത്വം നിലവില്‍ സജീവമല്ലാത്തതിനാല്‍ എല്‍ജെഡി ജെഡിഎസില്‍ ലയിക്കാനാണ് ധാരണ. അങ്ങനെ വന്നാല്‍ എട്ട് ജില്ലാ പ്രസിഡന്റുമാർ എല്‍ജെഡിക്കും ആറ് പ്രസിഡന്റുമാര്‍ ജെഡിഎസിനും എന്നാണ് പ്രാഥമിക ധാരണ.

സംസ്ഥാന സമിതിയില്‍ 60 ശതമാനം പേര്‍ എല്‍ജെഡിയില്‍ നിന്നും 40 ശതമാനം പേര്‍ ജെഡിഎസില്‍ നിന്നുമാകും. നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. വടകര, കൂത്തുപറമ്പ്, കല്‍പ്പറ്റ സീറ്റുകള്‍ വേണമെന്ന് എല്‍ജെഡി നിലപാടെടുക്കുമ്പോള്‍ സിറ്റിംഗ് സീറ്റായ വടകരയ്ക്കായി ജെഡിഎസ് അവകാശ വാദം തുടരുകയാണ്.

എന്നാല്‍ ലയന ചര്‍ച്ചകളിലെ പ്രധാന പ്രതിസന്ധി ഇതൊന്നുമല്ല. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി തുടര്‍ച്ചയായി സ്വീകരിക്കുന്ന ബിജെപി അനുകൂല നിലപാടില്‍ ഇരുകൂട്ടര്‍ക്കും ആശങ്കയുണ്ട്. യെദ്യൂരപ്പ സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിയെയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെയും കുമാരസ്വാമി പിന്തുണച്ചിരുന്നു.

ദേവഗൗഡ ഉടന്‍ ജെഡിഎസ് അധ്യക്ഷ പദം ഒഴിയുമെന്നും പകരം കുമാരസ്വാമി പാട്ടി പ്രസിഡന്‍റാകുമെന്നുമാണ് സൂചന. അങ്ങനെ വന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായി യോജിക്കാനാകില്ലന്നതാണ് പ്രശ്നം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എല്‍ജെഡി കൊണ്ടുവന്നിട്ടുണ്ട്. ലയനം ഉടന്‍ വേണമെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചാല്‍ തുടർ ചര്‍ച്ചകളിലേക്ക് ഉടന്‍ കടക്കും.