ന്യൂഡെൽഹി: കൊറോണ പ്രതിരോധ വാക്സിനുകളെ ‘സഞ്ജീവനി’ യെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ. രണ്ട് കൊറോണ വാക്സിനുകളും സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപക കൊറോണ വാക്സിൻ വിതരണോദ്ഘാടനത്തിനു മുന്നോടിയായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഹർഷ് വർധൻ എത്തിയിരുന്നു. ജനങ്ങൾ കിംവദന്തികൾക്ക് ചെവി കൊടുക്കരുതെന്നും പകരം വിദഗ്ധരെയും ശാസ്ത്രജ്ഞന്മാരെയും വിശ്വസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാമാരിക്ക് എതിരായ പോരാട്ടത്തിൽ ഈ വാക്സിനുകൾ സഞ്ജീവനികളാണ്. പോളിയോക്കും വസൂരിക്കും എതിരായ പോരാട്ടത്തിൽ നാം വിജയിച്ചിട്ടുണ്ട്. ഇപ്പോൾ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വിജയിക്കുന്നതിനുള്ള നിർണായക ഘട്ടത്തിൽ നാം എത്തിച്ചേർന്നിരിക്കുന്നു- ഹർഷ് വർധൻ പറഞ്ഞു.
കോവിഷീൽഡും കോവാക്സിനും സുരക്ഷിതമാണെന്ന ഉറപ്പും ഹർഷ് വർധൻ നൽകി. ഫലം കണ്ടതിനു ശേഷമാണ് വിദഗ്ധർ അനുമതി നൽകിയതെന്നും ഇരു വാക്സിനുകളും തമ്മിൽ വ്യത്യാസം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വാക്സിനുകളും ഒരുപോലെ സുരക്ഷിതവും ഫലപ്രാപ്തിയുളളതാണെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു.