ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വാക്സിനേഷൻ ആരംഭിക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങൾക്ക് സമഗ്രമായ മാർഗരേഖ അയച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് ജനുവരി 16ന് വിതരണം ചെയ്തു തുടങ്ങുക.
വാക്സിന്റെ പ്രത്യേകതകൾ, ഡോസേജ്, ശീതീകരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ദോഷഫലങ്ങളും ഇമ്യുണൈസേഷനു പിന്നാലെയുണ്ടാകാവുന്ന ദോഷകരമായ പ്രത്യാഘാതങ്ങൾ തുടങ്ങിയവയാണ് സമഗ്ര മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാക്സിനേഷനുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതും അരുതാത്തതുമായ കാര്യങ്ങൾ ഉൾപ്പെട്ട രേഖ എല്ലാ പ്രോഗ്രാം മാനേജർമാർക്കും ശീതീകരണ ശൃംഖല കൈകാര്യം ചെയ്യുന്നവർക്കും വാക്സിൻ കുത്തിവെപ്പ് നടത്തുന്നവർക്കും വിതരണം ചെയ്തിട്ടുണ്ട്.
പ്രധാന നിർദേശങ്ങൾ ഇവയാണ്
പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്ക് മാത്രമാണ് വാക്സിൻ നൽകുക.
വാക്സിന്റെ ആദ്യ ഡോസ് നൽകി 14 ദിവസത്തിനു ശേഷമേ രണ്ടാമത്തെ ഡോസ് നൽകാവൂ.
ഏത് വാക്സിന്റെ ഡോസ് ആണോ ആദ്യം നൽകിയത്, ആ വാക്സിൻ മാത്രമേ രണ്ടാമത്തെ ഡോസ് ആയും നൽകാവൂ.
ദോഷഫലങ്ങൾ ഉണ്ടാകാൻ ഇടയുള്ളവർ
ഗുരുതരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ, ഗർഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവർ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവരിൽ വാക്സിൻ ദോഷഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഗർഭിണികളും മുലയൂട്ടൂന്ന അമ്മമാരും ഇതുവരെ കൊറോണ വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുത്തിട്ടില്ല. അതിനാലാണ് ഗർഭിണികൾ, ഗർഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കൊറോണ വാക്സിൻ ഈ ഘട്ടത്തിൽ സ്വീകരിക്കാൻ പാടില്ലാത്തത്.
താത്കാലികമായ പ്രത്യാഘാതങ്ങൾ പ്രത്യക്ഷപ്പെടുന്നവർ: ഇവർക്ക് അസ്വസ്ഥതകൾ പൂർണമായും മാറിയ ശേഷം നാലു മുതൽ എട്ടാഴ്ചയ്ക്കുള്ളിലേ രണ്ടാമത്തെ ഡോസ് നൽകാവൂ.
ജനിതക വ്യതിയാനം വന്ന കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഉള്ളവർ, ജനിതക വ്യതിയാനം വന്ന കൊറോണ ബാധയുള്ളവരും സാർസ്-കോവ്-2 മോണോക്ലോണൽ ആന്റിബോഡികളോ കോവാലസെന്റ് പ്ലാസ്മയോ നൽകിയവർ, ഏതെങ്കിലും രോഗബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നവർ- എന്നിവരിലാണ് താൽക്കാലിക പ്രത്യാഘാതങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യത.
അമിത രക്തസ്രാവമോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകൾ ഉള്ളവർക്ക് വാക്സിൻ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.