കോവിഷീല്‍ഡ് വാക്‌സിന് നേപ്പാള്‍ അംഗീകാരം നല്‍കി; ഇന്ത്യയില്‍ നിന്ന് ലഭ്യമാക്കും

ന്യൂഡെൽഹി: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച അസ്ട്രസെനക കോവിഷീൽഡ് വാക്സിന് നേപ്പാൾ അംഗീകാരം നൽകി. ഇന്ത്യയിൽ നിർമിക്കുന്ന വാക്സിനാകും നേപ്പാളിന് ലഭ്യമാകുക. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ കോവീഷീൽഡ് ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യ-നേപ്പാൾ വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ ചർച്ച നടത്തി വരുന്നതിനിടെയാണ് കോവിഷീൽഡ് വാക്സിന് നേപ്പാൾ ഡ്രഗ് കൺട്രോൾ ബോർഡ് അടിയന്തര അംഗീകാരം നൽകിയിട്ടുള്ളത്.

ആറാമത് ഇന്ത്യ-നേപ്പാൾ ജോയിന്റ് കമ്മീഷന്റെ ഭാഗമായിട്ടാണ് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തുന്നത്. ചർച്ചയിൽ കോവിഷീൽഡ്, കോവാക്സിൻ എന്നിവ ഇന്ത്യയിൽ നിർമിച്ചതിൽ നേപ്പാൾ ഇന്ത്യയെ അഭിനന്ദിച്ചതായും നേപ്പാളിലേക്ക് വാക്സിനുകൾ നേരത്തേ നൽകണമെന്ന് അഭ്യർത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

20 ലക്ഷം ഡോസ് കൊറോണ വാക്സിൻ ഇന്ത്യ നേപ്പാളിന് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച കരാറുകൾ അന്തിമഘട്ടത്തിലാണ്. നേപ്പാളിനെ കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്ന് വാക്സിൻ ലഭ്യമാക്കിയേക്കും.