രാമങ്കരി: ഇന്ത്യയിൽ എന്തൊക്കെ വികസനമുണ്ടായാലും കാർഷികരംഗത്തെ അവഗണിച്ചാൽ അതുമൂലം ഉണ്ടാകുന്ന തകർച്ച രാജ്യത്ത് വലിയ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കൊറോണ പ്രതിസന്ധിയുടെ കാലഘട്ടത്തിലും രാജ്യത്തെ കാർഷിക രംഗത്ത് ഉദ്പാദനക്കുറവ് ഉണ്ടാകാതിരുന്നതാണ് ജനങ്ങൾക്ക് പ്രതിസന്ധിയെ അതിജീവിക്കാൻ കരുത്ത് പകർന്നതെന്ന യാഥാർഥ്യം മറക്കരുതെന്ന് മാർ പെരുന്തോട്ടം പറഞ്ഞു.
കെസിബിസി കർഷക ദിനാചരണത്തോടനുന്ധിച്ച് ചങ്ങനാശേരി അതിരൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ് ) കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കൂട്ടുമ്മയിൽ സംഘടിപ്പിച്ച കർഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പെരുന്തോട്ടം. കൊടും തണുപ്പും മഹാമാരിയും അവഗണിച്ച് കാർഷിക നിയമത്തിനെതിരേ ഡെൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് മാർ പെരുന്തോട്ടം ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിലകൊള്ളുന്നതാണ് കർഷകസമരത്തിൻ്റെ ശക്തി. കർഷകരെ അവഗണിച്ച് ഒരു സർക്കാരിനും നിലനിൽപ്പില്ല. അവർക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ എല്ലാവർക്കും കഴിയണമെന്ന് ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.
അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് അധ്യക്ഷത വഹിച്ചു. ചാസ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ ആമുഖ്യ പ്രസംഗം നടത്തി. അഡ്വ.ഡിജോ കാപ്പൻ, ഫാ.ജോർജ് പനക്കേഴം, ഫാ. ലൂയിസ് വെള്ളാനിക്കൽ, ജോസഫ് കെ നെല്ലുവേലി, ഡോ.ജോസഫ് എബ്രഹാം, ജോസ് ജോൺ വെങ്ങാം തറ, ബിജു വലിയകുളം തുടങ്ങിയവർ പ്രസംഗിച്ചു.