ന്യൂഡെൽഹി: കാര്‍ഷിക നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യവുമായി സമരം ചെയ്യുന്ന കർഷക സംഘടനകളും കേന്ദ്ര സർക്കാരുമായി ഒമ്പതാം വട്ട ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 12നാണ് ചർച്ച. നിയമ ഭേദഗതി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. ചർച്ച, തുറന്ന മനസ്സോടെയാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
കർഷക സമരത്തിൽ ഇടപെടാൻ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചർച്ചയാണിത്. അതേസമയം, കേരളത്തിൽ നിന്ന് കിസാൻ സഭയുടെ നേതൃതത്തിൽ എത്തിയ അഞ്ഞൂറോളം കർഷകർ ഇന്ന് രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലെ കർഷക സമരത്തിൽ പങ്കെടുക്കും.
കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീംകോടതി രൂപീകരിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറിയിരുന്നു. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്‍റായ ഭുപീന്ദർ സിംഗ് മാൻ മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി രൂപീകരിച്ച സമിതി.
കർഷകരുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിൻമാറാൻ തീരുമാനിച്ചതെന്ന് ഭുപീന്ദർ സിംഗ് മാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.