വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിനെതിരെ അവതരിപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയം യുഎസ് ജനപ്രതിനിധി സഭയിൽ പാസായതോടെ രണ്ട് തവണ ഇംപീച്ച്മെന്റ് നടപടികൾ നേരിടുന്ന ആദ്യ പ്രസിഡന്റായി ട്രംപ്. ജനപ്രതിനിധിസഭാംഗങ്ങളിൽ 197 പേർ പ്രമേയത്തെ എതിർത്തപ്പോൾ 223 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. കാപ്പിറ്റോളിൽ അരങ്ങേറിയ അതിക്രമത്തിന് പ്രേരണ നൽകിയെന്ന കാരണത്താലാണ് ട്രംപ് ഇംപീച്ച്മെന്റ് നടപടി നേരിടുന്നത്.
സെനറ്റംഗങ്ങൾ കൂടി പ്രമേയത്തെ അനുകൂലിച്ചാൽ ട്രംപിനെതിരെ നടപടിയുണ്ടാകും. ഇതിന് സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രമേയം നേടേണ്ടതുണ്ട്. 100 അംഗങ്ങളുള്ള സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങളെ കൂടാതെ 17 റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി പിന്തുണച്ചാൽ മാത്രമേ ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടി പൂർത്തിയാകൂ.
2019 ൽ ആദ്യ ഇംപീച്ച്മെന്റ് നേരിട്ട ട്രംപിനെ 2020 ഫെബ്രുവരിയിൽ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരംഗം പോലും 2019 ലെ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ചിരുന്നില്ല. ജോ ബൈഡൻ അധികാരമേൽക്കുന്ന ജനുവരി 20 ന് മുമ്പ് ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടി സെനറ്റിൽ ഉണ്ടാകാനിടയില്ലെന്നാണ് നിലവിലെ സൂചന.
ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിൽ കൂടി പാസായാൽ ഇനി തിരഞ്ഞെടുപ്പുകളിൽ ട്രംപിന് വിലക്ക് നേരിടേണ്ടി വരും. കൂടാതെ 1958 ലെ ഫോർമർ പ്രസിഡന്റ്സ് ആക്ട് അനുസരിച്ച് മുൻ പ്രസിഡന്റുമാർക്ക് അനുവദിക്കുന്ന പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്, സുരക്ഷ എന്നിവയ്ക്ക് ട്രംപിന് അർഹത നഷ്ടമാകും.
1868ൽ ആൻഡ്രൂ ജോൺസൺ, 1998 ൽ ബിൽ ക്ലിന്റൺ എന്നിവരാണ് ട്രംപിന് മുമ്പ് ഇംപീച്ച്മെന്റ് നടപടി നേരിട്ട യുഎസ് പ്രസിഡന്റുമാർ. റിച്ചാർഡ് നിക്സണെതിരെയും ഇംപീച്ച്മെന്റ് നടപടി പ്രഖ്യാപിച്ചെങ്കിലും 1974 ൽ രാജി വെച്ചതോടെ നടപടി നേരിടേണ്ടി വന്നില്ല. പിന്നീട് 2019ൽ ട്രംപിനെതിരെ ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയെങ്കിലും സെനറ്റ് ട്രംപിനെ തുണച്ചു. തനിക്കെതിരെയുള്ള വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്മെന്റെന്ന് ട്രംപ് അന്ന് പ്രതികരിച്ചിരുന്നു.
കാപ്പിറ്റോളിലുണ്ടായ കലാപത്തിന്റെ ഉത്തരവാദിത്തം ചുമത്തി ഭരണഘടനയിലെ 25-ാം ഭേദഗതി പ്രയോഗിച്ച് ട്രംപിനെ പുറത്താക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്ചയാണ് ജനപ്രതിനിധിസഭ പാസാക്കിയത്. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഭരണഘടനാധികാരം ട്രംപിനെതിരെ ഉപയോഗിക്കില്ലെന്ന് മൈക്ക് പെൻസ് വ്യക്തമാക്കിയതിനെ തുടർന്നാണ് സഭ പ്രമേയം അവതരിപ്പിച്ചത്.