തീർത്ഥാടക സഹസ്രങ്ങളില്ല; ശബരിമല ശാന്തം; മകരവിളക്ക് ഇന്ന്

ശബരിമല : ശരണഘോഷം മുഴക്കുന്ന തീർത്ഥാടക സഹസ്രങ്ങളില്ല. ഭക്തജനത്തിരക്ക് ഉയർത്തുന്ന ആശങ്കകളില്ല. ശബരിമല ശാന്തം. കൊറോണ കാലം സൃഷ്ടിച്ച പ്രതിസന്ധിയിൽ ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ദൃശ്യം. മകരജ്യോതി ദർശിക്കാൻ വെർച്വൽ ക്യൂവിലൂടെ അനുമതി ലഭിച്ച 5000 തീർത്ഥാടകർ മാത്രമേ ഇന്നുണ്ടാകൂ.

മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധിക്രിയകൾ പൂർത്തിയായി. ഉച്ചപൂജയ്ക്ക് മുമ്പ് ബിംബശുദ്ധിക്രിയകൾ നടന്നു. ഇന്നു രാവിലെയാണ് മകരസംക്രമപൂജ. സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്കു കടക്കുന്ന സംക്രമ മുഹൂർത്തത്തിൽ തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിൽ പ്രത്യേക പൂജ നടക്കും. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് കൊടുത്തുവിടുന്ന മുദ്ര‌യിലെ നെയ്യ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകംചെയ്യും. ഉച്ചപൂജകഴിഞ്ഞ് നടയടച്ചാൽ ദീപാരാധനയ്ക്കു ശേഷമേ ഭക്തർക്ക് ദർശനമുള്ളൂ.

ശരംകുത്തിയിൽപന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5ന് ശരംകുത്തിയിലെത്തും. ശ്രീകോവിലിൽ നിന്ന് പൂജിച്ചുനൽകിയ മാലയണിയിച്ച് ദേവസ്വം ജീവനക്കാർ സ്വീകരിച്ച് ആനയിക്കും. പതിനെട്ടാംപടി കയറിയെത്തുന്ന തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് ശ്രീകോവിലിലേക്ക് എതിരേൽക്കും. തന്ത്രിയും മേൽശാന്തിയും പേടകം ഏറ്റുവാങ്ങി നടയടയ്ക്കും.

തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ അണിയിച്ച് ദീപാരാധനയ്ക്കായി നട തുറക്കുന്നതിനു തൊട്ടുപിന്നാലെ പൊന്നമ്പലമേടിന്റെ നെറുകയിൽ മൂന്നുതവണ മകരജ്യോതി തെളിയുന്നതിനൊപ്പം കിഴക്കേചക്രവാള സീമയിൽ മകരസംക്രമ നക്ഷത്രവും ജ്വലിച്ചുയരും. ദ‌ർശനസുകൃതം നേടി രാത്രിതന്നെ മുഴുവൻ തീർത്ഥാടകരും മലയിറങ്ങും.

19വരെ ഭക്തർക്ക് ശ്രീകോവിലിൽ ദർശനം ലഭിക്കും. മകരവിളക്ക് ഉത്സവം പൂർത്തിയാക്കി 20 ന് രാവിലെ 6.30 ന് നട അടയ്ക്കും.