ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ റാലി ഡെൽഹി-ഹരിയാണ അതിർത്തിയിൽ മാത്രമായിരിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ. ചെങ്കോട്ടയിൽ സമരം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും അവർ വ്യക്തമാക്കി.
ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ രജേവാൾ കർഷകർക്കെഴുതിയ തുറന്ന കത്തിലാണ് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി ഡെൽഹി-ഹരിയാന അതിർത്തിയിൽ മാത്രമാണ് നടക്കുകയെന്ന് വ്യക്തമാക്കിയത്. ചിലർ അവകാശപ്പെടുന്നതുപോലെ ചെങ്കോട്ടയിൽ പ്രതിഷേധ സമരം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കർഷക സമരത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന വിഘടനവാദ ഘടകങ്ങളിൽനിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം കർഷകരോട് പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിന്റെ തലേന്നുതന്നെ ഡെൽഹി അതിർത്തിയിൽ എത്തിച്ചേരാൻ കർഷകരോട് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
കർഷകർ പ്രഖ്യാപിച്ച ട്രാക്ടർ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഡെൽഹി പോലീസ് മുഖേനയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.