പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ ചർച്ച തുടരുന്നു; ടിപി പീതാംബരൻ – ശരദ് പവാർ കൂടിക്കാഴ്ച ഇന്ന്

മുംബൈ: പാലാ സീറ്റിനെ ചൊല്ലി എൻസിപി ഇടത് മുന്നണി വിട്ടേക്കുമെന്ന വാർത്തകൾക്കിടെ സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ ശരദ് പവാറിനെ വീണ്ടും കാണും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കൂടിക്കാഴ്ച. രണ്ട് ദിവസം മുൻപ് നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാലാ സീറ്റിന്റെ കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് പീതാംബരൻ മാസ്റ്ററോട് പറഞ്ഞിരുന്നു. ഈ നിലപാട് അദ്ദേഹം ദേശീയ അധ്യക്ഷനെ അറിയിക്കും.

ഇടഞ്ഞ് നിൽക്കുന്ന മാണി സി.കാപ്പനെയും എ.കെ. ശശീന്ദ്രനെയും അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കവും പരാജയപ്പെട്ടിരുന്നു. പ്രശ്നങ്ങളിൽ തീർപ്പുണ്ടാക്കാനായി പവാർ കേരളത്തിലെത്താനിരിക്കെയാണ് വീണ്ടുമൊരിക്കൽ കൂടി പീതാംബരൻ മാസ്റ്റർ മുംബൈയിലെത്തുന്നത്. സീറ്റു ചര്‍ച്ച പിന്നീട് ആകാമെന്ന തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്. എന്നാൽ പാലാ സീറ്റില്‍ ഉറപ്പില്ലാതെ മുന്നണിയിൽ തുടരില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാലാ സീറ്റിലടക്കം തീരുമാനമായില്ലെങ്കിൽ പീതാംബരനും മാണി സി കാപ്പനും ഉള്‍പ്പെടുന്ന എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിടാനുള്ള നീക്കത്തിലേക്ക് പോകും. എന്നാൽ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ശശീന്ദ്രന്‍ സിപിഎമ്മിനെ അറിയിച്ചത്. മുഖ്യമന്ത്രി ശശീന്ദ്രനും കാപ്പനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാലാ സീറ്റിന്റെ കാര്യത്തിൽ ഉറപ്പൊന്നും നല്‍കിയിരുന്നില്ല.