കുത്താട്ടുകുളം: ഇടയാര്‍ കാട്ടുപാടം ചിറക്ക് സമീപം ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി. വീട് പൂര്‍ണമായും തകര്‍ന്നു.വീട്ടില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അത്ഭുതകരമായി രക്ഷപെട്ടു. മരുതും മൂട്ടില്‍ സുരേഷിന്റെ വീട് ആണ് തകര്‍ന്നത്. ബുധനാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.
പ്രദേശത്തെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടയില്‍ ആണ് ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. സ്ഥലവും വീടും ഇല്ലാത്ത 14 പേര്‍ക്ക് 5 സെന്റ് സ്ഥലം വീതം സൗജന്യമായി കക്കാട് സ്വദേശി സാറാമ്മ നല്‍കിയിരുന്നു. ഇവിടേക്ക് റോഡ് നിര്‍മ്മിക്കുന്നതിന്റ ഭാഗമായി പൊട്ടിച്ച് നീക്കിയ കല്ല് ലോറികളില്‍ കയറ്റി കൊണ്ടു പോകുന്നതിനിടയിലാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് ലോറി പിന്നോട്ട് ഉരുളുകയും പിന്‍ഭാഗം വീട്ടില്‍ ഇടിച്ചുകയറുകയുമായിരുന്നു.
സംഭവം സമയം സുരേഷിന്റെ രണ്ടു കുട്ടികള്‍ വീടിന് സമീപത്ത് ഉണ്ടായിരുന്നു. ലോറി വരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെ ഗൃഹോപകരണങ്ങളും നശിച്ചു. വീട് തകര്‍ന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കൂത്താട്ടുകുളം പോലീസും റവന്യൂ അധികൃതരും സംഭവ സ്ഥലത്തെത്തി.
കൗണ്‍സിലര്‍ സാറാ ടി.എസ്.,മുന്‍ ചെയര്‍മാന്‍ റോയി എബ്രഹാം, ഫെബിഷ് ജോര്‍ജ്, എന്‍.കെ. വിജയന്‍, അജയ് ഇടയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോറി ഉടമയുമായി ചര്‍ച്ച നടത്തി. വീട് പുനര്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് ലോറി ഉടമ ഉറപ്പുനല്‍കി.