ലൈഫ് മിഷന്‍ ഇടപാട്; മുഴുവന്‍ ഫയലുകളും ആവശ്യപ്പെട്ട് സിബിഐ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കും

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടിനെപ്പറ്റിയുള്ള മുഴുവന്‍ ഫയലുകളും ആവശ്യപ്പെട്ടു സി.ബി.ഐ. ചീഫ് സെക്രട്ടറിയ്ക്കു കത്തയയ്ക്കും. ഇതുസംബന്ധിച്ചു റെഡ്ക്രസന്റുമായുള്ള ധാരണാപത്രമല്ലാതെ മറ്റൊന്നുമില്ലെന്നു ചിഫ്‌സെക്രട്ടറി നേരത്തെ എന്‍ഫോഴ്‌സ്‌മെന്റിനു മറുപടി നല്‍കിയിരുന്നു. എന്നാല്‍, വിദേശസംഭാവന സ്വീകരിക്കല്‍ നിയന്ത്രണ ചട്ടം (എഫ്.സി.ആര്‍.എ) പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതു സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടില്ല.

റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതിന്റെ രേഖകളാണു ഇതില്‍ പ്രധാനം. മുന്‍ ഐ.ടി. സെക്രട്ടറി എം ശിവശങ്കര്‍, ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ് എന്നിവരെ ചോദ്യംചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. റിമാന്റിലുള്ള ശിവശങ്കറുടെ കാര്യത്തില്‍ കോടതിയുടെ അനുമതി വേണം. നിലവില്‍ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും ഭാര്യയെയുമാണു സിബിഐ. ചോദ്യംചെയ്തിട്ടുള്ളത്. ഇരുവരെയും പ്രതിയാക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന്റെ മിനിട്‌സും ലൈഫ് മിഷനില്‍ ലഭ്യമല്ല എന്നാണു മറുപടി. മിനിട്‌സ് കാണാതായതല്ല അത് നശിപ്പിക്കപ്പെട്ടുവെന്നാണു അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
നിര്‍മ്മാണ ഏജന്‍സിയായി യൂണിടാക്കിനെ തെരഞ്ഞെടുത്തതായി റെഡ് ക്രസന്റ് രേഖാമൂലം അറിയിച്ചിട്ടില്ല. ലൈഫ് മിഷന്‍ യൂണിടാക്കിനെ നിര്‍മ്മാണ ഏജന്‍സിയായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ യൂണിടാക്കിനെ ആരു തെരഞ്ഞെടുത്തു എന്നുള്ളതിന്റെ മറുപടി ആവശ്യമാണ്.

തട്ടിപ്പു മനസ്സിലാക്കി പിന്നീടു റെഡ് ക്രസന്റ് തട്ടിപ്പ് ഈ പദ്ധതിയില്‍ നിന്ന് പിന്മാറുകയും സംസ്ഥാന സര്‍ക്കാരുമായി പിന്നീട് യാതൊരു കത്തിടപാടുകളും നടത്തിയിട്ടില്ല എന്നാണു ആക്ഷേപം. ഇക്കാര്യം സി.ബി.ഐ. പരിശോധിക്കും. വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി പണം നല്‍കിയപ്പോള്‍ ഒരു കോടി രൂപ കമ്മിഷന്‍ കിട്ടിയെന്നു സ്വപ്ന മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.