സർക്കാർ കണക്കിലില്ലാതെ കൊടുങ്കാറ്റിൽ ഒറ്റപ്പെട്ട നാലുപേർ; കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

എറണാകുളം: കൊടുങ്കാറ്റിൽ ഒറ്റപ്പെട്ട കുടുംബത്തിൻ്റെ ദുരവസ്ഥയെകുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.ആധാർ കാർഡോ റേഷൻ കാർഡോ വീടോ ഇല്ലാതെ ഇടമലയാറിന്റെ തീരത്ത് മീൻ പിടിച്ച് ജീവിക്കുന്ന ഇവരുടെ ദുരവസ്ഥ എഡിറ്റേഴ്സ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.

എറണാകുളം ജില്ലാ കളക്ടറും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

ഇടമലയാർ ജലാശയത്തിന്റെ തീരത്ത് കപ്പായത്താണ് ചെല്ലപ്പനും യശോധയും രണ്ട് മക്കളും സർക്കാരിന്റെ കണക്കിലില്ലാതെ 18 വർഷമായി ജീവിക്കുന്നത്. സഹോദരൻമാരുടെ മക്കളായ ഇവർ ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുകൂട്ടം വിലക്കേർപ്പെടുത്തി. ഇതോടെയാണ് ഇടമലയാർ തീരത്തെത്തി മീൻപിടുത്തം ആരംഭിച്ചത്.

ആനയും കടുവയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇവർ താമസിക്കുന്ന പാറകൂട്ടത്തിന് താഴെ എത്താറുണ്ട്. 28 കിലോമീറ്റർ ചങ്ങാടത്തിൽ സഞ്ചരിച്ച് വടാട്ടുപാറയിൽ എത്തിയാൽ മാത്രമേ പിടിക്കുന്ന മീൻ തുച്ഛമായ വിലയ്ക്ക് വിൽക്കാൻ കഴിയുകയുള്ളു. മഴ ചെയ്താൽ ജീവൻ പണയംവച്ചാണ് ചങ്ങാടം തുഴയുക. വാഴച്ചാലിലെയും വെറ്റിലപാറയിലെയും ട്രൈബൽ സ്കൂളുകളിലാണ് ഇവരുടെ മക്കൾ പഠിക്കുന്നത്. സൗജന്യ റേഷനും കിറ്റും ഇവർക്ക് നിഷേധിക്കപ്പെട്ടു. പലപ്പോഴും പട്ടിണിയിലാണ് ജീവിക്കുന്നത്.