കൊറോണ വൈറസിന്റെ ഉറവിടം പഠിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം വുഹാനിലേക്ക്

ബീജിങ്: കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാൻ നഗരത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം സന്ദർശനം നടത്തും. വ്യാഴാഴ്ച സംഘം വുഹാനിലെത്തുമെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

വിവിധ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാൻ സന്ദർശനം നടത്തുകയെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനോം പറഞ്ഞു. കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് വ്യാപിക്കാൻ ഇടയായ സാഹചര്യം പരിശോധിക്കുമെന്നും വുഹാനിൽ ആദ്യഘട്ടത്തിൽ വൈറസ് പൊട്ടിപ്പുറപ്പെട്ട ഉറവിടം ഏതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ആദ്യം നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വുഹാനിൽ കൊറോണ വൈറസ് കണ്ടെത്തിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ വിദഗ്ധർക്ക് സ്ഥലം സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത് ചൈന വൈകിപ്പിക്കുന്നതിൽ ടെഡ്രോസ് അഥാനോം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന ആവശ്യങ്ങൾ തള്ളുകയും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരിശോധനകൾ തടയുകയുമാണ് ചൈന ഇതുവരെ ചെയ്തിരുന്നത്. കൊറോണ വൈറസ് ചൈനയ്ക്ക് പുറത്തുനിന്നെത്തിയതാണെന്ന വാദവും ചൈന ഉന്നയിച്ചിരുന്നു.