കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നതിന് സുപ്രീം കോടതി സ്റ്റേ; വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനം

ന്യൂഡെൽഹി: വിവാദ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഇടപെടല്‍. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കും. ആ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. അതു വരെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് മരവിപ്പിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു.

കാര്‍ഷിക നിയമ ഭേദഗതിയുടേയും കര്‍ഷക സംഘടനകളുടെ പ്രതിഷേധത്തിന്‍റേയും പശ്ചാത്തലത്തില്‍ ഫയല്‍ ചെയ്ത ഒരു കൂട്ടം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ എത്തിയത്. കോടതിയുടെ അധികാരം ഉപയോഗിച്ച്‌ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയാണെന്ന നിലപാടാണ് കേസുകള്‍ പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കൈക്കൊണ്ടത്.

പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തില്‍ ഇടപെടുന്നതിന് സുപ്രീം കോടതിക്ക് പരിമിതികളുണ്ട്. നിയമം അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ച്‌ നിര്‍ത്താനാകില്ലെന്നും കോടതി പറഞ്ഞു,

നാലംഗ സമിതിയുടെ പേര് വരെ തീരുമാനിച്ചാണ് ചീഫ് ജസ്റ്റിസ് രണ്ടാം ദിവസത്തെ വാദത്തിനെത്തിയതെന്നതും ശ്രദ്ധേയമാണ്. കര്‍ഷകര്‍ക്കും സംഘടനകള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ സമിതിക്ക് മുന്നില്‍ വക്കും, അത് സമഗ്രമായി വിലയിരുത്തിയ ശേഷം റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം, അതിന് ശേഷം തുടര്‍ തീരുമാനമെന്നാണ് സുപ്രീം കോടതി പറയുന്നത്.

കര്‍ഷക സംഘടനകളുടെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനുള്ള വഴിയെന്ന നിലയില്‍ സര്‍ക്കാരിന് വേണമെങ്കില്‍ സുപ്രീം കോടതി ഇടപെടലിനെ കാണാനാകും. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ട് പോയി പ്രശ്ന പരിഹാര സാധ്യത കര്‍ഷക സംഘടനകളുടെ പരിഗണനയില്‍ ഇല്ലെന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സമരം തുടരുമെന്ന നിലപാട് തന്നെയാണ് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നത്.