അബുദാബി: യുഎഇയില്‍ കൊറോണ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത് രണ്ടര ലക്ഷത്തിലധികം പേരെന്ന് റിപ്പോർട്ട്. ദിവസേന അരലക്ഷത്തിലധികം ആളുകള്‍ യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കുന്നതായും മാര്‍ച്ച് മാസത്തിനകം തന്നെ 50 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതുവരെ 11,67,251 പേരാണ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസ് എന്നിവരുള്‍പ്പെടെ എല്ലാ കൊറോണ മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചു. സ്വദേശികളും വിദേശികളും വയോധികരുമുള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് പുരോഗമിക്കുകയാണ്.
അതേസമയം കൊറോണ വാക്സിനെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ യുഎഇ ആരോഗ്യ – പ്രതിരോധ മന്ത്രാലയം നിഷേധിച്ചിരുന്നു. തിങ്കളാഴ്‍ച രാത്രി പുറത്തിറക്കിയ പ്രസ്‍താവനയിലാണ് വാക്സിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.