ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർഥിനിയായ യുവതിയെ ക്ലാസിലെത്തി തീകൊളുത്തിക്കൊല്ലാൻ ഭർത്താവിൻ്റെ ശ്രമം

പാലക്കാട്: ഒലവക്കോട്ട് യുവതിയെ ഭർത്താവ് തീകൊളുത്തിക്കൊല്ലാൻ ശ്രമിച്ചു. സരിത എന്ന യുവതിയെയാണ് ഭർത്താവ് ബാബുരാജ് ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തി ബാബുരാജ് ആക്രമിക്കുകയായിരുന്നു.

സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോൾ ഒഴിക്കുകയായിരുന്നു. തുടർന്ന് ലൈറ്റർ കത്തിച്ച് കൊളുത്താൻ ശ്രമിച്ചെങ്കിലും സമീപം ഉണ്ടായിരുന്നവർ ചേർന്ന് ബാബുരാജിനെ തള്ളിമാറ്റി. സരിത ഓടി മാറിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല.

സമീപമുണ്ടായിരുന്നവർ ബാബുരാജിനെ പിടികൂടിയെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. പിന്നീട് മലമ്പുഴ പോലീസ് സ്റ്റേഷനിൽ ബാബുരാജ് കീഴടങ്ങി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. സരിതയും ബാബുരാജും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

കുറച്ചുകാലമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. സരിത ബ്യൂട്ടീഷ്യൻ കോഴ്സിന് ചേർന്നതിൽ ബാബുരാജിന് താൽപര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം. സരിതയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് വിവരം.