കൽപ്പറ്റ: കൊളവള്ളിയില്‍ വനപാലകര്‍ പിടികൂടിയ കടുവയുടെ ആക്രമണത്തില്‍ ഒരു വാച്ചര്‍ക്ക് പരിക്ക്. കടുവയെ മയക്കുവെടി വെച്ചതിന് പിന്നാലെ നിരീക്ഷിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വാച്ചറുടെ കൈക്കാണ് പരിക്കേറ്റത്.
പ്രദേശത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ച ശേഷമാണ് മയക്കുവെടി വെച്ചത്. ഏഴ്‍ദിവസം നീണ്ട തിരച്ചിലിന് പിന്നാലെ ഇന്ന് പാറകവലയിലെ കൃഷിയിടത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് കടുവയെ കണ്ടെത്തിയത്.
മിനിയാന്ന് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കർണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു.
ഇന്ന് പുലർച്ചെ കൃഷിയിടത്ത് കണ്ട കാൽപ്പാടുകൾ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോൺ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകര്‍ നടത്തുകയും ചെയ്ത തിരച്ചിലിലാണ് കടുവയെ കണ്ടെത്താനായത്. തുടർന്നാണ് മയക്കുവെടിയിൽ കടുവയെ പിടികൂടിയത്.