ജനീവ: കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രവേശനാനുമതി നൽകി ചൈന. 10 അംഗ സംഘമാണ് ചൈനയിലേക്ക് തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ വ്യാഴാഴ്ച ചൈന സന്ദർശിക്കുമെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. ലോകാരോഗ്യസംഘടന ചൈനീസ് ശാസ്ത്രജ്ഞരുമായി കൊറോണയുടെ ഉത്ഭവത്തെക്കുറിച്ച് സംയുക്ത ഗവേഷണം നടത്തുമെന്നും അറിയിച്ചു.
ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയാസിസ് ചൈന അന്വേഷണത്തിന് സഹകരിക്കാത്തതിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ചൈനീസ് ഗവൺമെന്റിന്റെ നിലപാട് നിരാശാജനകമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ചൈന അന്വേഷണത്തിന് സഹകരിച്ച് എത്തിയിരിക്കുന്നത്.
ലോകരാജ്യങ്ങൾക്ക് ഭീഷണിയായ വൈറസിനെ ചൈന സൃഷ്ടിച്ചതാണെന്നു ആരോപണം ഉയർന്നിരുന്നു. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നാണ് വൈറസ് വുഹാനിലേക്ക് എത്തിയതെന്നാണ് ചൈനയുടെ വാദം. ഈ സാഹചര്യത്തിലാണ് ഇക്കാര്യം പരിശോധിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്.
അന്വേഷണത്തിന് നിഷേധ നിലപാടായിരുന്നു ചൈന ആദ്യം സ്വീകരിച്ചത്. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തെ ചൈന പിന്തുണയ്ക്കുമെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹ്വാചുനിങ് പറഞ്ഞിരുന്നു. രോഗവ്യാപനം സംബന്ധിച്ച അന്വേഷണം വേണമെന്ന അന്താരാഷ്ട്ര സമ്മർദ്ദത്തെ തുർന്നാണ് ചൈന അന്വേഷണത്തിന് അനുവദിച്ചത്.