റിയാദ്: വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ന്യോമിൽ ഒരു പുതിയ കാർബൺ രഹിത നഗരം നിർമിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ‘ദി ലൈൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ പത്ത് ലക്ഷം ആളുകൾക്ക് താമസസൗകര്യമൊരുക്കും.
കാറുകളോ റോഡുകളോ ഈ നഗരത്തിലുണ്ടാകില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു. 170 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി മുമ്പ് പ്രഖ്യാപിച്ച 500 ബില്യൺ ഡോളറിന്റെ മെഗാ പ്രോജക്ടിന്റെ ഭാഗമായിരിക്കും.
ഈ വർഷം ആദ്യ പാദത്തോടെ നിർമാണം ആരംഭിക്കും. കാറുകളും റോഡുകളും ഇല്ലാതെ പ്രകൃതിയെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പർ കണക്ടഡ് ഫ്യൂച്ചർ കമ്മ്യൂണിറ്റികളുടെ ബെൽറ്റ് എന്ന നിലയിലാണ് ദി ലൈൻ. 2030 ഓടെ നഗരത്തിൽ 380,000 തൊഴിലുകൾ സൃഷ്ടിക്കും.
പരമ്പരാഗത നഗരസങ്കല്പത്തെ ഭാവി നഗരസങ്കൽപമായി പരിവർത്തനം ചെയ്യേണ്ടതുണ്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പദ്ധതിക്കായി പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽനിന്ന് നിക്ഷേപം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.