കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയിട്ട് ഒരു വർഷമായെങ്കിലും മരട് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ കെഎദേവസിക്കെതിരെ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനു അനുമതി നൽകാതെ സംസ്ഥാന സർക്കാർ. അഴിമതി സംബന്ധിച്ച കേസുകളിൽ വിജിലൻസോ ക്രൈംബ്രാഞ്ചോ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
ജെയിൻ കോറൽ കോവ്, ആൽഫ സെറീൻ, എച്ച്ടുഒ ഹോളി ഫെയ്ത് ഫ്ലാറ്റുകൾ സംബന്ധിച്ച കേസുകൾ ക്രൈംബ്രാഞ്ചും ഗോൾഡൻ കായലോരം കേസ് വിജിലൻസുമാണ് അന്വേഷിക്കുന്നത്.
തീരദേശ നിയമങ്ങൾ ലംഘിച്ചു ഫ്ലാറ്റ് നിർമിച്ച കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബിൽഡർമാർ കെട്ടിവയ്ക്കേണ്ട തുകയെക്കുറിച്ചുള്ള വിവരങ്ങൾ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിട്ടുണ്ട്. 19നു വീണ്ടും വിശദമായ വാദം കേൾക്കും.
മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നു കാണിച്ചു ഫ്ലാറ്റുടമകൾ വീണ്ടും കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. ഫ്ലാറ്റ് വാങ്ങാൻ ചെലവഴിച്ച തുക മാത്രമാണു തിരികെ നൽകാൻ കമ്മിറ്റി നിർദേശിച്ചത്. ഇതു നഷ്ടപരിഹാരമല്ലെന്നും മൂല്യവർധനയ്ക്ക് അനുസൃതമായ നഷ്ടപരിഹാരം തീരുമാനിക്കണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.
തീരദേശ നിയമം ലംഘിച്ചു ഫ്ലാറ്റുകൾ നിർമിച്ചതിനു വിജിലൻസും ക്രൈംബ്രാഞ്ചും കേസെടുത്തിട്ടുണ്ട്. ബിൽഡർമാർക്കു പുറമേ, മരട് പഞ്ചായത്ത് മുൻ സെക്രട്ടറിയുൾപ്പെടെയുള്ള ജീവനക്കാരും പ്രതികളാണ്. കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല.
ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അവശിഷ്ടങ്ങൾ നീക്കിയതെന്നു കാണിച്ചു ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണ മേഖല ബെഞ്ച് സ്വമേധയാ റജിസ്റ്റർ ചെയ്ത കേസും നിലവിലുണ്ട്. ഈ കേസ് 13നു വീണ്ടും പരിഗണിക്കും.