ശ്രീനഗർ: കശ്മീരിലെ അംഷിപോരയിൽ മൂന്ന് യുവാക്കളെ സൈനിക ഉദ്യോഗസ്ഥൻ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് തീവ്രവാദികളെ വധിച്ചാൽ ലഭിക്കുന്ന 20 ലക്ഷം രൂപ പാരിതോഷികം തട്ടിയെടുക്കാനെന്ന് കുറ്റപത്രം. സൈന്യത്തിന് വിവരങ്ങൾ നൽകുന്ന രണ്ട് പ്രദേശവാസികളുടെ സഹായത്തോടെ 62 ആർ.ആർ റെജിമെന്റ് ക്യാപ്റ്റൻ ഭൂപേന്ദ്ര സിങ് ആസൂത്രണം ചെയ്തത് പ്രകാരമാണ് വ്യാജ ഏറ്റുമുട്ടൽ നടന്നതെന്നും പ്രത്യേക അന്വേഷണ സംഘം ജില്ലാ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഏറ്റുമുട്ടലിന് സഹായം നൽകിയതിന് പ്രതിഫലമായി ഷോപ്പിയാൻ സ്വദേശിയായ താബിഷ് നാസിർ, പുൽവാമ സ്വദേശിയായ ബിലാൽ അഹമ്മദ് എന്നിവർക്ക് ഭൂപേന്ദ്ര സിങ് പണം നൽകിയതായും 300 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. സഹായികൾക്കൊപ്പം ഭൂപേന്ദ്ര സിങ്ങാണ് ഏറ്റുമുട്ടൽ ആസൂത്രണം ചെയ്ത് യുവാക്കളെ തീവ്രവാദികളായി ചിത്രീകരിച്ച് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.
നിലവിൽ ക്യാപ്റ്റൻ ഭൂപേന്ദ്ര സിങ്ങും മറ്റൊരു സൈനിക ഉദ്യോഗസ്ഥനും കോർട്ട് മാർഷൽ നടപടികൾ നേരിടുകയാണ്. കഴിഞ്ഞ വർഷം ജൂലായ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഓപ്പറേഷന്റെ ഭാഗമായി സംഭവ സ്ഥലത്ത് നാല് സൈനികരും എത്തിയിരുന്നു. എന്നാൽ സ്ഥലത്തെത്തിയപ്പോൾ തന്നെ വെടിയെച്ച കേട്ടുവെന്നാന്ന് നാല് സൈനികരും മൊഴി നൽകിയത്.
സംഘം രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഭൂപേന്ദ്ര പറഞ്ഞതെന്നും ഇവർ മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 75 സാക്ഷികളുടെ മൊഴിയും പ്രതികളുടെ ഫോൺ വിവരങ്ങളും പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്.
അബ്റാർ അഹമ്മദ്, ഇംതിയാസ് അഹമ്മദ്, മുഹമ്മദ് ഇബ്റാർ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരിച്ചറിയാൻ സാധിക്കാത്തതിനാൽ കൊല്ലപ്പെട്ട് 70 ദിവസങ്ങൾക്ക് ശേഷം ഡിഎൻഎ പരിശോധന നടത്തിയാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറിയത്.