കോഴിക്കോട് : ഒരു കാരണവശാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപിപീതാംബരൻ. 20 വർഷത്തെ സംഘടനാപ്രവർത്തനത്തിലൂടെ പിന്തുണ വളർത്തിയെടുത്ത മണ്ഡലമാണ് പാലാ. ഇവിടെ കെഎ.മാണിയുടെ അവസാന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ എൻസിപിക്കു കഴിഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ കിട്ടിയില്ല എന്നാണ് വിലയിരുത്തൽ. സി എച്ച്.ഹരിദാസ് അനുസ്മരണ പരിപാടികൾക്കു പുറമെ വിവിധയിടങ്ങളിൽ അനുസ്മരണയോഗങ്ങൾ ചേർന്നതു മന്ത്രി ശശീന്ദ്രൻ പറഞ്ഞിട്ടാണെന്നു കരുതുന്നില്ലെന്നും പീതാംബരൻ പറഞ്ഞു. മുൻമന്ത്രി എസി ഷൺമുഖദാസിന്റെ കുടുംബാംഗങ്ങളെയും പീതാംബരൻ സന്ദർശിച്ചു.
‘മുന്നണിയിൽ വന്നുവെന്ന കാരണം കൊണ്ട്, ജയിച്ച പാർട്ടി തോറ്റ പാർട്ടിക്കു സീറ്റു വിട്ടുകൊടുക്കണമെന്നു പറയുന്നതു എന്തു ന്യായമാണ്? പീതാംബരൻ ചോദിച്ചു.
അതേസമയം ഇടതുമുന്നണിയിൽ എൻസിപിക്ക് അവഗണനയെന്ന അഭിപ്രായം ചിലർക്കുണ്ടെങ്കിലും തനിക്കില്ലെന്നു പാർട്ടി വർക്കിങ് കമ്മിറ്റി അംഗം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നിലവിൽ മുന്നണി മാറേണ്ട രാഷ്ട്രീയസാഹചര്യം ഇല്ല.
പുതുമുഖങ്ങൾ വരണമെന്ന സംസ്ഥാന പ്രസിഡന്റ് ടിപിപീതാംബരന്റെ അഭിപ്രായത്തിൽ ദുരർഥം കാണേണ്ടതില്ല. ചെറുപ്പക്കാർക്കു മാതൃക കാണിക്കാൻ എല്ലാവർക്കും അവസരമുണ്ട്. തിരഞ്ഞെടുപ്പിൽ പാർട്ടി നിർദേശിച്ചാൽ മത്സരിക്കും. വിശ്രമിക്കാൻ പറഞ്ഞാൽ വിശ്രമിക്കും.
സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങൾ ശരദ് പവാറിനെ അറിയിച്ചിട്ടുണ്ട്. പാർട്ടിയിലെ അഭിപ്രായഭിന്നത തദ്ദേശതിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചയെപ്പോലും ബാധിച്ചു. പല ജില്ലകളിലും എൻസിപി നേതാക്കളുടെ പെരുമാറ്റം വിശ്വസനീയമാണോ ഇല്ലയോ എന്ന ആശങ്ക എൽഡിഎഫിനു നേതൃത്വം നൽകുന്ന പാർട്ടിക്ക് ഉണ്ടായിരുന്നു. ഇതു സീറ്റ് ചർച്ചയെയും ബാധിച്ചു.
40 വർഷമായി എൽഡിഎഫിന് ഒപ്പമാണ്. ഇക്കാലയളവിൽ കയ്പേറിയ അനുഭവം ഉണ്ടായിട്ടില്ലെന്നു പറയുന്നില്ല. അപ്പോഴും രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിന്നു. ഈ ഉറച്ച നിലപാടിനാണു മുന്നണിയിലും പുറത്തും അംഗീകാരമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘പാലാ സീറ്റ് ആവശ്യപ്പെടാൻ എൻസിപിക്കും ജോസ് കെ.മാണിക്കും അവകാശമുണ്ട്. തീരുമാനമെടുക്കേണ്ടത് ഇടതു മുന്നണിയാണ്.ശശീന്ദ്രൻ പറഞ്ഞു.