തിരുവനന്തപുരം: കടയ്ക്കാവൂർ കേസിൽ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് കേസ് തള്ളിയത്. അതേസമയം, അമ്മയ്ക്കെതിരായ മൊഴിയുള്ള ശിശുക്ഷേമ സമിതി റിപ്പോർട്ട് ലഭിച്ച ശേഷമാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് കേസിൽ പ്രതിയായ സ്ത്രീ ജാമ്യാപേക്ഷ നൽകിയത്. നിലവിൽ സ്ത്രീക്കെതിരേ മകന്റെ മൊഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ തള്ളിയതെന്നാണ് വിവരം.
അതേസമയം, കേസിൽ ശിശുക്ഷേമ സമിതിയുടെ വാദങ്ങൾ പൊളിച്ചുള്ള പോലീസ് റിപ്പോർട്ട് പുറത്തുവന്നു. എഫ്ഐആറിൽ സംഭവത്തെ കുറിച്ച് ആദ്യവിവരം നൽകിയ ആൾ സിഡ്‌ബ്ലുസി അധ്യക്ഷയാണെന്ന് രേഖപ്പെടുത്തിയത് തെറ്റെന്നായിരുന്നു ശിശുക്ഷേമ സമിതി ചെയർപേഴ്സൺ എൻ സുനന്ദ കഴിഞ്ഞ ദിവസം പറഞ്ഞത്. മാത്രവുമല്ല, പോലീസാണ് ആദ്യ വിവരം നൽകിയതെന്നും പറഞ്ഞു.
എന്നാൽ അമ്മയിൽനിന്ന് ലൈംഗിക പീഡനമുണ്ടായി എന്ന പരാതിയിൽ കുട്ടി ഉറച്ചു നിൽക്കുന്നുവെന്ന് പോലീസിനു സിഡ്‌ബ്ലുസി നൽകിയതായുള്ള റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. അമ്മ പ്രതിയായ പോക്സോ കേസ് വിവാദമായതോടെ പോലീസിനു നേരെ തിരിഞ്ഞ ബാലക്ഷേമ സമിതി വാദങ്ങളെ തള്ളുന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ.
പരാതി കിട്ടിയതിനെ തുടർന്ന് പോലീസ് ബാലക്ഷേമ സമിതിയോട് കുട്ടിയെ കൗൺസിലിങ് നടത്തി റിപ്പോർട്ട് നൽകാൻ നവംബർ പത്തിന് ആവശ്യപ്പെട്ടിരുന്നു. നവംബർ 13-ന് റിപ്പോർട്ട് തയ്യാറായിരുന്നു. നവംബർ 30-ന് പോലീസിന് റിപ്പോർട്ട് കിട്ടി. ഡിസംബർ 16-ന് ഇ മെയിൽ വഴിയും റിപ്പോർട്ട് കിട്ടി. ഇതിനു ശേഷം ഡിസംബർ 18-നാണ് പോലീസ് കേസെടുത്തത്.
മാതാവിനെതിരായ പരാതിയിൽ കുട്ടിയുടെ മൊഴിയെടുക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് നൽകുന്ന റിപ്പോർട്ട് എന്നാമുഖത്തോടെയാണ് റിപ്പോർട്ട് ശിശുക്ഷേമ സമിതി പോലീസിനു നൽകിയത്. ശിശുക്ഷേമ സമിതി അധ്യക്ഷ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ സമഗ്രമായ കൗൺസിലിങ് നടത്താൻ കഴിഞ്ഞില്ലെന്നോ കൂടുതൽ കൗൺസിലിങ് വേണമെന്നോ എന്ന നിർദേശമൊന്നും റിപ്പോർട്ടിലില്ല.
അമ്മ ചെയ്ത കാര്യങ്ങൾ തെറ്റാണെന്ന ബോധ്യം കുട്ടിക്കുണ്ടെന്നും കുട്ടി പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട്. പോക്സോ പ്രകാരം കേസെടുക്കാൻ ഉത്തരവാദിത്വപ്പെട്ട അന്വേഷണ ഏജൻസിയിൽനിന്നുള്ള ഈ റിപ്പോർട്ട് മതി എന്നാണ് പോലീസ് പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് ഐജി അന്വേഷണം ആരംഭിച്ചു. ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിയാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ രഹസ്യമൊഴിയും മെഡിക്കൽ റിപ്പോർട്ടും ഐജി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് സമ്മതിക്കാതിരുന്നതാണ് കേസിനു പിന്നിലെന്നാണ് സ്ത്രീയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.